മാള: സാമ്പത്തിക സ്ഥാപനങ്ങളെ മുന്നിൽ നിർത്തി ഭീഷണി എന്ന തന്ത്രമാണ് ബി.ജെ.പി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് മാളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില വിഭാഗത്തെ ആകർഷിക്കാൻ വേണ്ടി അവരോടൊപ്പം നിൽക്കുന്നതായി ഭാവിക്കും. എന്നാൽ കേരളത്തെക്കുറിച്ച പ്രതീക്ഷ അറ്റുപോയ അവസ്ഥയിലാണ് അവരിപ്പോൾ. ഇതോടെ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ഭീഷണി തുടരുകയാണ്.
കേരളത്തെ സാമ്പത്തികമായി സഹായിക്കാതെ വെട്ടിക്കുറവ് വരുത്തി. വായ്പയുടെ കാര്യത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതൊരു നാടിനോടും ചെയ്യാൻ പാടില്ലാത്തതാണ്.
നാടിന്റെ ഒരുമ, ഐക്യം എന്നിവയിലാണ് കേരള സംസ്ഥാനം നിലകൊള്ളുന്നത്. ഇത് ശിഥിലമാക്കുന്ന പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കേരള സംരക്ഷണ സദസ്സാണ് നവകേരള സദസ്സ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, കെ.എം. ബാലഗോപാലൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരിയായ അസ്ന ഷെറിൻ വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മികച്ച ബാലനടനുള്ള പുരസ്കാര ജേതാവ് ഡാവിഞ്ചിയും മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.
20 കൗണ്ടറുകളിലായി 3016 ഓളം നിവേദനങ്ങൾ സ്വീകരിച്ചു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. പള്ളി പാരീഷ് ഹാളിൽ ഒരുക്കിയ ഉച്ച ഭക്ഷണത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ സദസ്സിലേക്ക് എത്തിയത്.ഡെപ്യൂട്ടി കലക്ടർ പി. അഖിൽ സ്വാഗതവും കൊടുങ്ങല്ലൂർ തഹസിൽദാർ ശ്രീരേവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.