തൃശൂർ: ചെറുകഥകളും കവിതകളും രചിച്ച് ചെറുവിരലിന്റെ അത്രപോലും വലുപ്പമില്ലാത്തതും എന്നാൽ നഗ്നനേത്രങ്ങൾകൊണ്ട് വായിക്കാൻ പ്രയാസവുമില്ലാത്ത തരത്തിൽ കുഞ്ഞുപുസ്തകങ്ങളിലാക്കി ഗിന്നസ് സത്താർ ആദൂർ പണം വാങ്ങാതെ സൗജന്യമായി നൽകിത്തുടങ്ങിയിട്ട് 15 വർഷം.
ഈ ശ്രേണിയിലെ അഞ്ചാമത്തെ സമാഹാരമായ 81 ഹൈക്കു കഥകൾ മൂന്നര സെ.മീ. നീളവും രണ്ടര സെ.മീ. വീതിയും മൂന്നുഗ്രാമുമുള്ള പുസ്തകം തയാറാക്കിയിരിക്കുകയാണ് സത്താർ. 20ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് ആദ്യ കോപ്പി സമ്മാനിച്ച് വിതരണത്തിന് തുടക്കം കുറിക്കും.
2008 വായനദിനത്തിലാണ് വായനയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സത്താർ ആദൂർ നാല് സെ.മീ. വലുപ്പമുള്ള 104 പേജുകളുള്ള മിനിയേച്ചർ പുസ്തകത്തിൽ 101 കഥകൾ ഉൾക്കൊള്ളിച്ച് 101 കഥകൾ എന്ന കൗതുകകരമായ സമാഹാരം പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ആരംഭിച്ചത്. ആയിരക്കണക്കിന് കോപ്പികൾ വിതരണം ചെയ്ത മറ്റൊരു പുസ്തകത്തിന് 2011ഇൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് സത്താറിനെ തേടിയെത്തിയിരുന്നു.
2008 ൽ ഉറുമ്പിനെ കേന്ദ്ര കഥാപാത്രമാക്കി 10 സെക്കൻഡ് ദൈർഘ്യമുള്ള ‘ദി മാൻ’ സിനിമ സംവിധാനം ചെയ്തും 2019 ലോക സാക്ഷരതദിനത്തിൽ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 1000 രചനകളുടെ പ്രദർശനം സംഘടിപ്പിച്ചും സത്താർ വിസ്മയിപ്പിച്ചു. പുതിയ പുസ്തകമായ ഹൈക്കു കഥകൾ ലഭിക്കുന്നതിന് അഞ്ചുരൂപയുടെ സ്റ്റാമ്പ് പതിച്ച മടക്ക തപാൽ സഹിതം ഗിന്നസ് സത്താർ ആദൂർ, വെള്ളറക്കാട് പോസ്റ്റ്, തൃശൂർ ജില്ല പിൻ: 680584 വിലാസത്തിലാണ് അയക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.