ഏങ്ങണ്ടിയൂർ: ബണ്ട് കെട്ടാത്തതിനാൽ കനോലി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി ചേറ്റുവ-ചേലോട് മേഖലയിൽ ശുദ്ധജലവും കൃഷിയും നശിക്കുന്നു. നിശ്ചിത സമയത്ത് ബണ്ട് കെട്ടി സംരക്ഷിക്കാൻ നടപടിയില്ലാത്തതാണ് കാരണം.
ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ വാർഡ് രണ്ട് മുതൽ ഒമ്പതാം വാർഡ് ചേലോട് വരെ ഏകദേശം ആറ് കിലോമീറ്റർ ദൂരമുള്ള ചേറ്റുവ - ചേലോട് തോട്ടിലേക്കാണ് ഉപ്പുവെള്ളം കയറുന്നത്. നിലവിലെ ശുദ്ധജല സ്രോതസുകളേയും പരിസര പ്രദേശങ്ങളിലെ കൃഷിയേയും സാരമായി ബാധിക്കുകയാണ്. ഒരിക്കൽ ഉപ്പുവെള്ളം കയറിയാൽ പത്ത് വർഷം അത് സ്ഥലത്തെ കിണറുകളെ മലിനമാക്കും. വേനലിൽ കടലിൽനിന്നും ചേറ്റുവ അഴിമുഖം വഴി ചേറ്റുവ പുഴയിലേക്കും കനോലി കനാലിലേക്കും കയറുന്ന ഉപ്പുവെള്ളം തടയാനും കൃഷിയേയും, ശുദ്ധജല സ്രോതസുകളേയും സംരക്ഷിക്കാനുമാണ് പടന്നയിൽ ബണ്ട് സ്ഥാപിച്ചത്.
പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചീപ്പ് വേനൽ ആരംഭിച്ചാൽ അടക്കുകയാണ് പതിവ്. എന്നാൽ ജനുവരിയായിട്ടും ബണ്ട് അയച്ച് സംരക്ഷിച്ചിട്ടില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ അവശേഷിക്കുന്ന കിണറുകൾ, കുളങ്ങൾ ഉൾപ്പടെയുള്ള ശുദ്ധജല സംഭരണികൾക്കും, കൃഷിക്കും നാശം സംഭവിക്കുന്ന ഉപ്പു വെള്ള ഭീഷണി തടയാൻ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും, നിലവിൽ കാലപഴക്കം സംഭവിച്ച് ചീപ്പിന്റെ ഇരു വശങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ട് ചേറ്റുവ - ചേലോട് നാട്ടു തോട്ടിലേക്ക് ഉപ്പുവെള്ള കയറുകയാണെന്നും പ്രശ്നം പരിഹരിക്കാൻ പഴയ ചീപ്പ് പൊളിച്ച് മാറ്റി നൂതന ശാസ്ത്രീയ മാർഗങ്ങൾ അവലംഭിച്ച് പുതിയ സ്ലൂയിസ് (ചീപ്പ്) നിർമിക്കണമെന്നും പഞ്ചായത്ത് രണ്ടാം വാർഡ് മുൻ മെംബറും, ചാവക്കാട് താലൂക്ക് വികസന സമിതി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.