മതിലകം: രാത്രി മോഷണ ശ്രമവുമായി ബൈക്കിൽ കറങ്ങുന്ന സംഘം പുവ്വത്തുംകടവിലും പരിസര പ്രദേശങ്ങളിലും സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. അതേസമയം, പരാതികൾ നൽകിയിട്ടും പൊലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി. മതിലകം പഞ്ചായത്തിലെ എട്ടാം വാർഡിൽ വരുന്ന പുവ്വത്തുംകടവിനും മതിൽമൂലക്കും ഇടയിലാണ് സംഘത്തിന്റെ വിഹാരം.
രണ്ട് ബൈക്കുകളിലായി നാല് പേർ ഇരുമ്പു വടി ഉൾപ്പെടെ ആയുധങ്ങളുമായാണ് ചുറ്റിത്തിരിയുന്നതെന്ന് വാർഡിലെ പൊതുപ്രവർത്തകൻ കെ.വി. സുന്ദരൻ പറഞ്ഞു. രണ്ടാഴ്ചക്കിടെ 13 വീടുകളിലാണ് മോഷണശ്രമമുണ്ടായത്. പനങ്ങാട് സ്കൂളിന് കിഴക്ക് ഭാഗത്ത് ഒരു ദിവസം ഏഴ് വീടുകളിൽ മോഷണശ്രമമുണ്ടായി.
പല വീടുകളിലും ആളുകൾ എഴുന്നേറ്റതോടെ സംഘം രക്ഷപ്പെട്ടു. പുവ്വത്തുംകടവിൽ കാതിക്കോടത്ത് സുധന്റെ ഭാര്യയുടെ മാല പൊട്ടിച്ച് സംഘം കടന്നെങ്കിലും അത് റോൾഡ് ഗോൾഡായിരുന്നു.
എളുപ്പം വാതിലും മറ്റും പൊളിക്കാവുന്ന സാധാരണ വീടുകളിലാണ് സംഘമെത്തുന്നത്ത്. കഴിഞ്ഞദിവസം രാത്രി മതിൽമൂല കിഴക്ക് കനോലി കനാൽ തീരത്തിനടുത്ത് മണത്തല ഷാജിയുടെയും കൗസല്യയുടെയും വീടുകളിൽ മോഷണശ്രമമുണ്ടായി. മതിലകം പൊലീസിൽ പരാതികൾ നൽകിയതനുസരിച്ച് ഇടക്കിടെ പട്രോളിങ് ഉണ്ടെങ്കിലും മോഷണ സംഘം കൂസലില്ലാതെ ചുറ്റിക്കറങ്ങുകയാണ്.
ഇതോടെ പൊലീസിനെതിരായ ആക്ഷേപങ്ങളും ശക്തിപ്രാപിച്ചു. വാർഡ് മെംബർ സുമതി സുന്ദരൻ മുൻകൈയെടുത്ത് രണ്ട് ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് ജാഗ്രത പുലർത്തുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.