ചാലക്കുടി: അതിരപ്പിള്ളി റോഡിൽ തുടരെ അപകടത്തിന് വഴിവെച്ച് കൂടപ്പുഴ വളവ്. കഴിഞ്ഞ ദിവസം ഇവിടെ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിക്കുകയും കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ചാലക്കുടി മാർക്കറ്റിലെ വ്യാപാരി ഫ്രാൻസിസ് ബൈക്കപകടത്തിൽ മരിച്ചത്. നേരത്തേയും നിരവധിപേർ കൂടപ്പുഴ വളവിൽ അപകടത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. നിരവധി അപകടങ്ങൾ വേറെയും ദിവസവും ആവർത്തിക്കുന്നതോടെ കൂടപ്പുഴ വളവ് നാട്ടുകാർക്കും യാത്രികർക്കും പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
അതിരപ്പിള്ളി റോഡിൽ ചാലക്കുടി ആനമല ജങ്ഷൻ കഴിഞ്ഞ് അരക്കിലോമീറ്റർ പിന്നിട്ടാൽ കൂടപ്പുഴ വളവെത്തും. അപകടകരമായ നാല് വളവുകൾ സമീപത്തായി ഈ മേഖലയിലുണ്ട്. അതിൽ ഏറ്റവും മാരകമാണ് കൂടപ്പുഴ ഭാഗത്തെ രണ്ട് വളവുകൾ. എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാൻ സാധിക്കാത്തത്ര വളവാണ് ഇവിടത്തെ പ്രശ്നം. ഇറക്കത്തിലാണ് എന്നതിനാൽ വാഹനങ്ങൾക്ക് അൽപ്പം വേഗത കൂടും. ഈ ഭാഗത്ത് റോഡിന് വീതിയുണ്ടെങ്കിലും രണ്ടു വളവുകൾക്കും ഇടയിൽ ഇടുങ്ങിയ പാലം അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്.
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും വാൽപ്പാറക്കും പോകുന്ന പ്രധാന പാതയാണിത്. അതുകൊണ്ട് തന്നെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലെ നവീകരിക്കുകയല്ലാതെ ഇവിടം അപകടരഹിത മേഖലയാക്കാൻ കഴിയില്ല. ബൈപ്പാസ് നിർമിച്ച് റോഡിലെ വളവ് പരിഹരിക്കുകയാണ് മറ്റൊരു മാർഗം. അല്ലെങ്കിൽ വളവുകളിൽ വീതി കൂട്ടി ഈ മേഖലയിൽ ഡിവൈഡർ നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.