ചാലക്കുടി: പത്തു വയസ്സുള്ള പെൺകുട്ടിക്ക് തൃശൂർ മെഡിക്കൽ കോളജിൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ മരിച്ചുവെന്ന് പരാതി. കുട്ടിയുടെ പിതാവായ പടിഞ്ഞാറേ ചാലക്കുടി തരകൻ വീട്ടിൽ രാജുവാണ് പരാതിക്കാരൻ. രാജുവിന്റെ മകൾ അനറ്റിനെ കഴിഞ്ഞ മാസം 22ന് കടുത്ത വയറുവേദനയെ തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കാണിച്ചിരുന്നു. അപ്പന്റിസൈറ്റിസ് ആണെന്ന് സംശയിക്കുന്നതായും സർജറി ചെയ്യേണ്ടതാണെന്നും സർജനെ കാണിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
തുടർന്ന് ചാലക്കുടിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും സന്ദർശിച്ച് ഉറപ്പുവരുത്തിയതോടെ അന്ന് തന്നെ ഉച്ചക്ക് അതിവേഗം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടറെ കാണാനായി അത്യാഹിത വിഭാഗത്തിൽ ചെന്നു. എന്നാൽ, കുട്ടികളുടെ വിഭാഗത്തിൽ ഹൗസ് സർജൻ മാത്രമാണ് ഉണ്ടായിരുന്നത്.
മുതിർന്ന ഒരു ഡോക്ടറും കുട്ടിയെ പരിശോധിച്ചില്ല. കുട്ടിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണം എന്ന് സൂചിപ്പിച്ചപ്പോൾ സ്കാനിങ്, രക്തപരിശോധനയും മാത്രം നടത്തി. കുട്ടികളുടെ സർജറി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ ഒരു ഡോക്ടറും കുട്ടിയെ പരിശോധിക്കാൻ ഉണ്ടായിരുന്നില്ല.
മൂന്ന് ദിവസമായി കലശലായ പനിയും ഛർദ്ദിയുമുണ്ടെന്ന് പറഞ്ഞെങ്കിലും മലബന്ധത്തിനും ഗ്യാസിനുമുള്ള മരുന്ന് നൽകി ഡോക്ടർ പറഞ്ഞുവിടുകയായിരുന്നു. വീട്ടിൽ എത്തി വയറുവേദന ശക്തമായതോടെ പോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
മെഡിക്കൽ കോളജിൽ പോയാൽ ചികിത്സ ലഭിക്കില്ലെന്ന ആശങ്ക മൂലമാണ് പണമില്ലെങ്കിലും സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അവിടത്തെ ചികിത്സക്ക് ശേഷം വീട്ടിൽ എത്തിയെങ്കിലും വേദന കലശലായതോടെ 26ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടി മരണപ്പെട്ടു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.