ചാലക്കുടി: കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കുന്നത് തടയാൻ നഗരസഭ ജങ്ഷനിൽ ഇരുമ്പുവേലി സ്ഥാപിച്ചു. മേൽപാലത്തോട് ചേർന്ന് ദേശീയ പാതയുടെ ഇരുവശത്തുമാണ് വേലി നിർമിച്ചത്. ഇതോടെ ഈ ഭാഗത്തുകൂടെ ആർക്കും എളുപ്പം അപ്പുറം കടക്കാനാവില്ല. ഒരാഴ്ച മുമ്പ് ഇവിടെ റോഡ് മുറിച്ചുകടക്കവേയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അടിപ്പാത ഉപയോഗിക്കാൻ മടിച്ച് നിരവധി പേർ ഈ ഭാഗത്ത് സാഹസികമായി റോഡ് മുറിച്ചുകടക്കുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. അപകടം വിളിച്ചുവരുത്തുന്ന ഈ പ്രവൃത്തി സംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
റോഡ് മുറിച്ചുകടക്കവേയും വാഹനങ്ങളിൽ സഞ്ചരിക്കവേയും ഇവിടെയുണ്ടായ അപകടങ്ങളിൽ 25ൽപരം ആളുകളാണ് നഗരസഭ ജങ്ഷനിൽ മരിച്ചത്. ഈ അപകട കേന്ദ്രം ഇല്ലാതാക്കാനാണ് അടിപ്പാത നിർമിച്ചത്. അടിപ്പാത പൂർത്തിയായതോടെ അതിന് മുകളിലൂടെ ഈ മാസം ആദ്യം മുതൽ വാഹനങ്ങൾ കടത്തി വിട്ടിരുന്നു. വാഹനങ്ങൾ വേഗത്തിലാണ് ഇപ്പോൾ കടന്നുപോകുന്നത്. അടിപ്പാത ഉപയോഗിക്കാൻ മടിച്ച് റോഡ് മുറിച്ചുകടക്കുന്നത് ഏറെ അപകടകരമായിരുന്നു. അടിപ്പാത പൂർത്തിയായെങ്കിലും പൂർണമായും ഗതാഗത യോഗ്യമായിട്ടില്ല. ഒരു ഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങളെ കടത്തിവിടുന്നുള്ളൂ. അതിനാൽ, ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
ട്രങ്ക് റോഡ് ജങ്ഷനിൽനിന്ന് മാള ഭാഗത്തേക്കുള്ള ബസുകൾ പോകുന്നത് ഇപ്പോഴും സൗത്ത് മേൽപാലത്തിന് താഴെ പള്ളി റോഡിലൂടെയാണ്. അടിപ്പാതയിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സർവിസ് റോഡ് വികസിപ്പിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ അഴുക്കുചാൽ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.