ചാലക്കുടി: അപകടകാരിയായ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. ചാലക്കുടി മണ്ഡലത്തിലെ വിവിധ സംഘടനകളും നേതാക്കളും ഹൈകോടതിയുടെ ഈ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തെ മുതിരച്ചാലില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ അതിരപ്പിള്ളിയിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. സമര പരിപാടികള്‍ക്ക് രൂപം നല്കാന് തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍ അറിയിച്ചു. രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് യോഗം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിട്ടാൽ ജനകീയ പ്രതിരോധം തീർക്കുമെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിന്നക്കനാലിൽ അതിക്രമങ്ങൾ കാണിച്ച അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിട്ടാൽ പരിണതഫലങ്ങൾ ഗുരുതരമാവും. കേവലം 15 കിലോമീറ്ററോളം ദൂരമേ അവിടെനിന്ന് വാഴച്ചാൽ-അതിരപ്പിള്ളി പ്രദേശങ്ങളിലേക്കുള്ളൂ. ഒരു ആനക്ക് 25 കിലോമീറ്ററോളം ഒരു ദിവസം സഞ്ചരിക്കാനാവും. ഈ സാഹചര്യത്തിൽ അരിക്കൊമ്പൻ അതിരപ്പിള്ളിയിലെത്താൻ ഒരു ദിവസംപോലും വേണ്ട.
വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഹൈകോടതി ഈ തീരുമാനത്തിലെത്തിയത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഹൈകോടതിയെ ഈ വിഷയത്തിന്റെ ഗൗരവം വിദഗ്ധ സമിതി ധരിപ്പിച്ചിട്ടില്ലെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ശാസ്ത്രീയപഠനവും നടത്തിയിട്ടില്ല. ഹൈകോടതിയെ സമിതി തെറ്റിദ്ധരിപ്പിച്ചതാവാം.
ചാലക്കുടി വനമേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്യമൃഗങ്ങളുടെ ശല്യം ഏറെ വർധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. മറ്റത്തൂർ, കോടശേരി, അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകൾ രാവും പകലും കാട്ടാനകളുടെ വിഹാര രംഗമാണ്. ഇവ വരുത്തുന്ന കൃഷി നാശത്തിനും ആളപായത്തിനും കൈയും കണക്കുമില്ല. കർഷകരുടെ ദുരിതങ്ങൾ തുടരുകയാണ്. ഈയിടെ ഷോളയാറിൽ കപാലിയെന്ന കാട്ടാന സൃഷ്ടിച്ച പ്രശ്നങ്ങൾ ഒടുങ്ങിയിട്ടില്ല. അതിന് പുറമെയാണ് അരിക്കൊമ്പന്റെ വരവ്. ഇത് ഈ മേഖലയിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. ഹൈകോടതി നിർദേശപ്രകാരം വനം വകുപ്പ് അരിക്കൊമ്പനെ എത്തിക്കാനുള്ള നീക്കം ജനകീയമായി ചെറുത്തുതോൽപിക്കണമെന്നാണ് സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.