ചാലക്കുടി: പുതുതായി ചുമതലയേറ്റ കലക്ടർ അർജുൻ പാണ്ഡ്യന്റെ ആദ്യ സ്ഥല സന്ദർശനം ആദിവാസി വിഭാഗം കുട്ടികൾ പഠിക്കുന്ന ചാലക്കുടിയിലെ എം.ആർ.എസ് സ്കൂളിൽ. പ്രിൻസിപ്പൽ ആർ. രാഗിണി, ഹെഡ്മാസ്റ്റർ കെ.ബി. ബെന്നി, സീനിയർ സൂപ്രണ്ട് കെ.എൻ. മൃദുല എന്നിവരോട് കലക്ടർ സ്കൂൾ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞു.
വനാവകാശ നിയമപ്രകാരം സ്കൂളിന് മൈതാനം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തു. ചാലക്കുടി ഡി.എഫ്.ഒ വെങ്കിടേശ്വരൻ സ്ഥലപരിശോധന നടത്തി നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.വിദ്യാർഥികളോടും സ്കൂൾ ജീവനക്കാരോടും കലക്ടർ സൗഹൃദം പങ്കുവച്ചു. വിദ്യാർഥിനികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് അദ്ദേഹം യാത്രയായത്. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 320 ആദിവാസി കുട്ടികളാണ് താമസിച്ചു പഠിക്കുന്നത്.
തൃശൂർ: കലക്ടർ അർജുൻ പാണ്ഡ്യൻ ബാലഭവൻ സന്ദർശിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനാണ് ചുമുതലയേറ്റ ആഴ്ചയിൽ തന്നെ ജവഹർ ബാലഭവൻ ചെയർമാർ കൂടിയായ കലക്ടർ എത്തിയത്. ജില്ല വിദ്യാഭ്യാസ ഓഫിസറും ജവഹർ ബാലഭവൻ പ്രിൻസിപ്പലുമായ ഡോ. എ. അൻസാർ, മറ്റ് അധ്യാപക -അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് കലക്ടറെ സ്വീകരിച്ചു. ഓരോ ക്ലാസുകളും സന്ദർശിച്ച കലക്ടർക്ക് മുന്നിൽ കുട്ടികൾ അവരുടെ കലാപ്രകടനങ്ങളും കാഴ്ചവച്ചു. ബാലഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സ്കൂൾ
പഠനത്തോടൊപ്പം കലാപഠനവും ഒപ്പം കൊണ്ടുപോകുന്നത് ജീവിതത്തിൽ വളരെയേറെ സഹായകരമാകുമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ബാലഭവന്റെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മുൻ കലക്ടർ വി.ആർ. കൃഷ്ണതേജയുടെ ഇടപെടലിൽ ലഭിച്ച 25 ലക്ഷം രൂപയുടെ കോർപ്പറേറ്റ് സി.എസ്.ആർ ഫണ്ടിന്റെ വികസന പ്രവർത്തനങ്ങൾ ബാലഭവനിൽ പുരോഗമിക്കുകയാണ്. കുട്ടികളുമായി വീണ്ടും സംവദി ക്കാൻ എത്തി ചേരാം എന്ന് ഉറപ്പു നൽകിയാണ് കലക്ടർ യാത്ര പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.