ചാലക്കുടി: ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട. കോടതി ജങ്ഷനിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന അറുനൂറോളം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയും അന്തിക്കാട് പുള്ള് സ്വദേശിയുമായ ഇക്കണ്ടപറമ്പിൽ വീട്ടിൽ സുനിൽ (54) അറസ്റ്റിലായി.
കാറിൽ 14 ക്യാനുകളിലാക്കിയാണ് സ്പിരിറ്റ് കളമശ്ശേരിയിൽനിന്ന് ചാവക്കാട്ടേക്ക് കൊണ്ടുപോയിരുന്നത്. സുനിൽ എറണാകുളത്ത് സ്പിരിറ്റ് കടത്തിയ കേസിലും കൊടുങ്ങല്ലൂരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലും ചേർപ്പിൽ കാൽനടക്കാരൻ വാഹനമിടിച്ച് മരിച്ച കേസിലും പ്രതിയാണ്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ എം.എസ്. ഷാജൻ, സി.വി. ഡേവീസ്, സജി വർഗീസ്, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ സതീഷ് നായർ, സീനിയർ സി.പി.ഒമാരായ ഷാജു കട്ടപ്പുറം, ടി.ടി. ബൈജു, സി.പി.ഒമാരായ പി.പി. മാനുവൽ, ജെസ്ലിൻ തോമസ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സാദത്ത്, ഒ.എച്ച്. ബിജു, ഹോം ഗാർഡ് ഏലിയാസ് എന്നിവരുമടങ്ങിയ സംഘമാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്.
സ്പിരിറ്റ് കടത്തിന്റെ സൂചനകളെ തുടർന്ന് ഒന്നരയാഴ്ചയായി ഷാഡോ പൊലീസ് സംഘം ഹൈവേയിൽ നിരന്തര നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് കാർ പിടികൂടിയത്. സുനിലിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.