ചാലക്കുടി: ബഫർസോൺ മേഖലയെ ചൊല്ലി മലയോര പഞ്ചായത്തായ കോടശേരിയിൽ ആശങ്കയും പ്രതിഷേധവും ശക്തമാകുന്നു. പഞ്ചായത്തിലെ ബഫർ സോൺ മേഖലയിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിവരം ആരാഞ്ഞുകൊണ്ട് സംസ്ഥാന പഞ്ചായത്ത് ഡയറക്ടർ കോടശേരി പഞ്ചായത്തിലേക്ക് കത്തയച്ചിരുന്നു.
ഇതു സംബന്ധിച്ച വിവരങ്ങൾ 23ന് മുമ്പ് പഞ്ചായത്ത് അധികൃതർ വനം വന്യജീവി വകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ബഫർ സോൺ നിർബന്ധമാക്കിയാൽ മലയോര കർഷകർ കുടിയിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് പഞ്ചായത്തിലെ 3000 കുടുംബങ്ങൾ.
വനത്തിന് ചുറ്റും ഒരു കി.മീ ബഫർസോൺ നിർബന്ധമായി വേണമെന്ന സുപ്രീംകോടതി വിധിയാണ് ആശങ്കക്ക് കാരണം. വീടുകൾ പുതുക്കിപ്പണിയാനോ പുതിയ കൃഷിയിറക്കാനോ കഴിയുമോ എന്നതാണ് മേഖലയിലെ കർഷകരുടെ പേടി. പഞ്ചായത്തിലെ കുറ്റിച്ചിറ മേഖല പ്രധാനമായും ബഫർ സോണിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്.
വനാതിർത്തിയോട് ചേർന്ന കോർമല രണ്ടുകൈ, വാരൻകുഴി, മരുതുകുഴി, വീരൻചിറ, ചൂളക്കടവ്, പീലാർമുഴി, മാരാംകോട്, ചട്ടിക്കുളം, ചന്ദനക്കുന്ന്, മേട്ടിപ്പാടം, മേച്ചിറ എന്നീ ജനവാസകേന്ദ്രങ്ങളും പരിധിയിൽ വന്നേക്കാം. ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിയുടെ അധ്യക്ഷതയിൽ കോർമല പരിഷ് ഹാളിൽ സർവകക്ഷി യോഗം ചേർന്നു. ജനവാസ മേഖലകളെ ബഫർ സോണിൽനിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.