ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പാലത്തിന് മുകളിൽ വെച്ച് ആക്രമികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത മൂവാറ്റുപുഴ സ്വദേശികളുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഷ്ടമിച്ചിറക്കടുത്ത് കോൾക്കുന്നിൽ വഴിയോരത്താണ് ഞായറാഴ്ച വൈകീട്ട് തട്ടിയെടുക്കപ്പെട്ട കെ.എൽ 17 ഡബ്ല്യു 3181 നമ്പർ എർട്ടിഗ കാർ കണ്ടെത്തിയത്.
കാർ ഉടമയായ മൂവാറ്റുപുഴ സ്വദേശി ഈസ്റ്റ് വാഴപ്പിള്ളി വട്ടക്കുളത്തിൽ യൂനസ്, മൂവാറ്റുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമ മുഹമ്മദ് സാദിഖ് എന്നിവർ ബംഗളൂരുവിൽനിന്ന് മടങ്ങുമ്പോൾ ചാലക്കുടിപ്പുഴ പാലത്തിന് മുകളിൽ വെച്ച് കഴിഞ്ഞ ദിവസം പുലർച്ചയാണ് നാടകീയ സംഭവം അരങ്ങേറിയത്.
മറ്റൊരു കാറിലെത്തിയ ആറുപേരടങ്ങുന്ന ആക്രമിസംഘം ഇവരെ തടഞ്ഞിട്ടു.
തുടർന്ന് ചുറ്റികകൊണ്ട് ഡോറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച് യാത്രക്കാരെ മർദിച്ച് പുറത്തിറക്കിയ ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. യൂനസിനും മുഹമദ് സാദിഖിനും മർദനമേറ്റതായി പരാതിയുണ്ട്. യൂനസിന്റെയും സാദിഖിന്റെയും ഫോണുകൾ കാറിനകത്ത് പെട്ടിരുന്നു.
എന്നാൽ, ഇത് അങ്കമാലി കരയാംപറമ്പ് പരിധിയിൽ വെച്ച് ഓഫ് ചെയ്യപ്പെട്ടു. കാർ കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിലെ വസ്തുതകൾ ഇനിയും വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.