ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തം. ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ സാധാരണക്കാർ ആശ്രയിക്കുന്ന മേഖലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണിത്. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ ഒഴിവ് നികത്താത്തതുമൂലം രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണ്.
കോവിഡ്കാലത്ത് പൊതുജനപങ്കാളിത്തത്തോടെ ആർ.ടി പി.സി.ആർ മെഷീൻ, ഓക്സിജൻ പ്ലാന്റ്, എട്ട് വെന്റിലേറ്ററുകൾ, ഓക്സിജൻ ബെഡ് തുടങ്ങിയവ ആശുപത്രിക്ക് കൈമാറിയിരുന്നു. വെന്റിലേറ്ററുകൾ ഫിസിഷ്യന്റെ അഭാവം മൂലം പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങൾ നിലവിലില്ല. ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ഡയാലിസിസിന് സൗകര്യമൊരുക്കണമെന്നും ട്രോമകെയർ കെട്ടിടത്തിന്റെ പണി അന്തിമഘട്ടത്തിലായ സാഹചര്യത്തിൽ ഇവിടേക്കാവശ്യമായ തസ്തികകൾ സൃഷ്ടിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഒ.പി ബ്ലോക്കിന് പുതിയ കെട്ടിടം ആവശ്യമാണ്.
സർജറി കൺസൾട്ടന്റ് ഇല്ലാത്തതുമൂലം ശസ്ത്രക്രിയ ആവശ്യമായ രോഗികളുടെ അനുപാതത്തിനനുസരിച്ച് ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 2023-24 സാമ്പത്തിക വർഷം 1.20 കോടി രൂപ എൻ.എച്ച്.എം സഹായത്തോടെ ബേൺസ് യൂനിറ്റ് സ്ഥാപിക്കാൻ അനുമതി ലഭ്യമായിട്ടുണ്ടെന്നും താലൂക്ക് ആശുപത്രിയിൽ അത്യാവശ്യ അധിക തസ്തികകൾ സൃഷ്ടിക്കാൻ കഴിയുമോയെന്ന് സർക്കാറിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുത്ത് പരിശോധിക്കുമെന്നും മന്ത്രി വീണ ജോർജ് സബ്മിഷന് മറുപടി നൽകി. ആശുപത്രിയിൽ ഒഴിവുകളുള്ള ജീവനക്കാരുടെ തസ്തികകൾ നികത്താൻ നടപടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.