ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് മുമ്പ് കാണാത്ത വിധം വിശാലമായ മണൽത്തിട്ട രൂപപ്പെട്ടു. മേലൂർ പഞ്ചായത്തിലെ കോവിലകത്തുപടി കടവ് ഭാഗത്താണ് ജനങ്ങളെ ആകർഷിക്കുന്ന വിധം മണൽത്തിട്ട ഉണ്ടായത്. വേനലിനെ തുടർന്നുള്ള വരൾച്ചയും പെരിങ്ങൽക്കുത്ത് ഡാമിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് പവർ സ്റ്റേഷനിലെ വൈദ്യുതോൽപാദനത്തിലുണ്ടായ നിയന്ത്രണവുമാണ് പുഴയിൽ വെള്ളം അസാധാരണമായി കുറയാൻ കാരണം.
അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ വളരെ നേർത്ത അവസ്ഥയിലാണ്. ക്രിസ്മസ് പ്രമാണിച്ച് ഇവിടെ സഞ്ചാരികളുടെ വലിയ തിരക്കുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വെള്ളം കുറവായതിനാൽ ഭൂരിഭാഗം വിനോദ സഞ്ചാരികളും വെള്ളച്ചാട്ടങ്ങൾ ഒഴിവാക്കുകയാണ്.
ചാലക്കുടിപ്പുഴയുടെ പല ഭാഗങ്ങളിലും പാറക്കെട്ടുകൾ തെളിഞ്ഞിട്ടുണ്ട്. പുഴ ഒരു ഭാഗത്തൂടെ നീർച്ചാലായി ഒഴുകുന്ന മേഖലയും ഉണ്ട്. അന്നനാട് ആറങ്ങാലി മണപ്പുറമാണ് ചാലക്കുടി പുഴയിലെ ഏക മണപ്പുറം. മണൽത്തിട്ട ഇല്ലാത്ത മേലൂർ കോവിലകത്തുംപടി കടവ് ഇപ്പോൾ ആറങ്ങാലി മണപ്പുറം പോലെയായി മാറിയത് വിസ്മയമായി. പുഴയുടെ ഒരു ഭാഗം, മെലിഞ്ഞ് നീർച്ചാലായി ഒഴുകുന്ന അവസ്ഥയിലാണ്.
വിശാലമായ മണൽപരപ്പ് കാണുവാൻ നിരവധി പേരാണ് ഇപ്പോൾ കടവിലേക്ക് എത്തുന്നത്. മണൽ വാരിക്കൊണ്ടു പോകാതെ സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.