ചാലക്കുടി: ചാലക്കുടി അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കാത്തതും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനം ഇല്ലാത്തതും മൂലം ഗതാഗത സ്തംഭനം പതിവായി. പ്രത്യേകിച്ച് സ്കൂൾ, ഓഫിസ് സമയങ്ങളിൽ കുരുക്കുകൾ മൂലം യാത്രക്കാർ ദുരിതത്തിലാണ്.
സമീപകാലത്ത് ദേശീയപാതയിലെ അടിപ്പാത തുറന്നുകൊടുത്തത് ചാലക്കുടിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് വലിയ അളവിൽ പരിഹാരമായിരുന്നു. ഇതുമൂലം ചാലക്കുടി ടൗണിലെ ഗതാഗത സ്തംഭനം പരിഹരിക്കാൻ വലിയ അളവിൽ സാധിച്ചിരുന്നു. എന്നാൽ അടിപ്പാത വഴി കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
ചാലക്കുടി ആനമല ജങ്ഷൻ, ട്രങ്ക് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകാതെ സൗത്ത് ജങ്ഷനിലും നഗരസഭ ഓഫിസ്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും അടിപ്പാത വഴി പോയാൽ എത്താമെന്നതിനാലാണ് അടിപ്പാതയിലൂടെ പോകുന്ന വാഹനങ്ങൾ വർധിച്ചത്. എന്നാൽ ലോറി, ബസ് എന്നിങ്ങനെ നീളം കൂടിയ വാഹനങ്ങൾ ഇരുവശത്തെയും സർവിസ് റോഡിലൂടെ കടന്നുവരുമ്പോൾ ബെൽ മൗത്ത് ഇല്ലാത്തതിനാൽ കുടുങ്ങുന്നു. അതുപോലെ ഓഫിസ് സമയത്ത് കൂടുതൽ വാഹനങ്ങളെത്തുമ്പോൾ നിയന്ത്രിച്ച് തിരിച്ചുവിടാൻ സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്കിന് ഇടയാക്കും.
തിരക്കുള്ള ദിവസങ്ങളിലും സമയങ്ങളിലും ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അടിപ്പാതയിൽ ബെൽ മൗത്ത് നിർമിക്കാനും അധികാരികൾ തയാറാകണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.