ചാലക്കുടി: നിർമാണോദ്ഘാടനം വിവാദത്തിലായ ചാലക്കുടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്റെ പുതിയ കെട്ടിട സമുച്ചയം നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നു. ട്രാംവേ റോഡിലെ ഈ കെട്ടിടത്തിന് നഗരസഭ ഇനിയും നമ്പർ നൽകിയിട്ടില്ല. അതിനാൽ വൈദ്യുതി കണക്ഷനും ലഭ്യമായിട്ടില്ല.
അതിനാൽ ഇത് തുറന്നുകൊടുക്കാൻ വൈകുകയാണ്. 2023 ജനുവരിയിലാണ് കെട്ടിടം നിർമാണം ആരംഭിച്ചത്. നിർമാണോദ്ഘാടനത്തിൽ അതിഥികളെ ക്ഷണിച്ചതിലെ അപാകതകളെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഉപജില്ല ഓഫിസറെ തരംതാഴ്ത്തി അട്ടപ്പാടിയിലെ ഒരു സ്കൂളിലേക്ക് പ്രധാനാധ്യാപകനായി സ്ഥലം മാറ്റിയിരുന്നു. സനീഷ്കുമാർ ജോസഫ് എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഭരണകക്ഷിയിലെ പ്രമുഖരെ അവഗണിച്ചത് പരാതിക്ക് കാരണമായിരുന്നു.
നിലവിലുള്ള ഓഫിസ് സ്ഥിതിചെയ്യുന്നതിന് സമീപത്തായി 2.20 കോടി രൂപ ചെലവിൽ രണ്ട് നിലകളിലായാണ് എ.ഇ.ഒ ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയായിട്ടുള്ളത്. ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ച്ചറായി നിർമിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എ.ഇ.ഒ റൂം, ഓഫിസ്, ഡൈനിങ്, സ്റ്റോർ റൂം, എയ്ഡഡ് റെക്കോഡ് റൂം, ടോയ്ലറ്റ് എന്നിവയും ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, റെക്കോഡ് റൂമുകൾ, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 7231 ച. അടിയിൽ നിർമിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തിയുടെ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.