ചാലക്കുടി: പ്രതിഷേധങ്ങൾ ശക്തമായതോടെ ചാലക്കുടി നഗരസഭ ശ്മശാനത്തിലെ പുകക്കുഴൽ പുനഃസ്ഥാപിക്കുന്നതിന് തിരക്കിട്ട ശ്രമം. നഗരസഭ ശ്മശാനത്തിന്റെ പുകക്കുഴൽ തകർന്നു വീണതിനെ തുടർന്ന് ഒരാഴ്ചയോളമായി സംസ്കാരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
സമയത്തിന് അറ്റകുറ്റപ്പണികൾ നടത്താത്ത നഗരസഭയുടെ അനാസ്ഥയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആലുവയിലെ ഹൈടെക് എന്ന സ്ഥാപനത്തിനെ പുകക്കുഴൽ സ്ഥാപിക്കാനുള്ള പ്രവൃത്തി ഏൽപ്പിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. 12 ലക്ഷം രൂപയോളം ചെലവ് വരുന്നതാണ് സംസ്ഥാന ശുചിത്വ മിഷന്റെ നിർദേശപ്രകാരുള്ള പുതിയ പുകക്കുഴൽ. 100 അടി ഉയരമുള്ള പുതിയ പുകക്കുഴലിന്റെ നിർമാണം കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്ലാന്റിലാണ് നടക്കുക. അനുബന്ധമായി ഇവിടത്തെ ശുദ്ധീകരണ ടാങ്കുകളുടെ നവീകരണവും മറ്റ് പ്രവൃത്തികളും ഇതോടൊപ്പം നടക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
ചാലക്കുടി: പുകക്കുഴൽ തകർന്നുവീണ നഗരസഭ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി നടത്താതെ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
തകരാറിലായ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം നടത്തി സംസ്കാരത്തിനായി തുറന്നുകൊടുക്കുക, ചാലക്കുടിയിലെയും സമീപ പഞ്ചായത്തുകളിലെയും ഹൈന്ദവ സഹോദരങ്ങൾക്ക് മരണശേഷം വിശ്വാസപൂർവം മൃതദേഹം സംസ്കരിക്കാനുള്ള അവകാശം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഗരസഭ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആൻറണി ധർണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. ജോണി, എം.എൻ. ശശിധരൻ, ഉഷ പരമേശ്വരൻ, ജയന്തി പ്രവീൺ കുമാർ, നഗരസഭ കൗൺസിലർമാരായ ബിജി സദാനന്ദൻ, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, ടി.ഡി. എലിസബത്ത്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ഐ. അജിതൻ, ജിൽ ആൻറണി, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മധു ചിറക്കൽ, എ.എം. ഗോപി, പി.ഒ. ബിനു, ബീന ഡേവിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.