ചാലക്കുടി: ഗവ. ഐ.ടി.ഐ ഹോസ്റ്റൽ പൊളിച്ചുനീക്കി അവിടം കളിസ്ഥലമാക്കും. ഏകദേശം 100ൽപരം വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം താമസയോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് വിലയിരുത്തുകയായിരുന്നു. 70 വർഷത്തോളം പഴക്കമുണ്ട് ചാലക്കുടി ഐ.ടി.ഐക്ക്. തൃശൂർ, എറണാകുളം ജില്ലകളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 2019ലാണ് കെട്ടിടം താമസയോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് വിലയിരുത്തിയത്. നേരത്തേ ഇതിന് ചോർച്ചയുണ്ടായിരുന്നു.
മുകളിലെ സീലിങ് തകർന്നുവീഴാൻ തുടങ്ങുകയും കമ്പികൾ പുറത്ത് കാണുകയും ചെയ്തതോടെ ഹോസ്റ്റൽ പ്രവേശനം പരിമിതപ്പെടുത്തി. ചാലക്കുടിയിൽ കുറഞ്ഞ വാടകക്ക് സ്ഥലം കിട്ടാൻ പ്രയാസമായതിനാൽ വിദ്യാർഥികൾ ഹോസ്റ്റലിൽ മുറിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, ഈയിടെ അപകട ഭീതിയിൽ പ്രവേശനം പാടേ അവസാനിപ്പിച്ചു.
വിദ്യാർഥികൾക്ക് താമസിക്കാൻ പകരം സംവിധാനമൊരുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കളിസ്ഥലം ഇല്ലാത്തതിനാൽ ഹോസ്റ്റൽ പൊളിക്കുന്ന സ്ഥലത്ത് കെട്ടിടം പണിയില്ല. അതേസമയം, പുതിയ ഹോസ്റ്റൽ നിർമിക്കാനുള്ള നിർദേശം സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സ്റ്റാഫ് ക്വാർട്ടേഴ്സ് പൊളിച്ച് വിദ്യാർഥികളുടെ ഹോസ്റ്റലും സ്റ്റാഫ് ക്വാർട്ടേഴ്സും നിർമിക്കാനുള്ള പദ്ധതിയാണത്. സംസ്ഥാനത്തെ രണ്ടാമത്തെ ഐ.ടി.ഐ ആയ ചാലക്കുടി അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികൾ തയാറായി വരുന്നു. ഇതിന്റെ ഭാഗമായി 8.92 കോടി രൂപ ചെലവഴിച്ച് പുതിയ വർക്ക്ഷോപ് സമുച്ചയത്തിന്റെ നിർമാണത്തിന് നടപടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.