ചാലക്കുടി: വനമേഖലയിൽ ചെറിയ മഴ പെയ്താൽ ചാലക്കുടിപ്പുഴയിലെ വെള്ളം കലങ്ങി മറിയുന്നത് പുഴയോരവാസികൾക്ക് ആശങ്കയാകുന്നു. പുഴയുടെ വിവിധ കടവുകളിൽ കുളിക്കാനെത്തുന്നവർ പുഴയിലെ ജലത്തിന്റെ നിറമാറ്റം കണ്ട് പിൻവലിയുകയാണ്. സാധാരണ ഗതിയിൽ തെളിഞ്ഞ നിറത്തിൽ ഒഴുകുന്ന നദിയാണ് ചാലക്കുടിപ്പുഴ.
എന്നാൽ സമീപകാലത്തായി വനമേഖലയിൽ ചെറിയ മഴ പെയ്താൽപോലും ചളിവെള്ളമായാണ് പുഴ ഒഴുകുന്നത്. വനമേഖലയിൽ സംഭവിക്കാൻ പോകുന്ന ഉരുൾപ്പൊട്ടലിന്റെ സൂചനയാണോ ഇതെന്നാണ് ആശങ്ക. കാടിനുള്ളിൽ മറ്റൊരു മേഖലയിൽ നിന്ന് ഒഴുകി വരുന്ന ചാർപ്പച്ചാലിനും വെള്ളച്ചാട്ടത്തിനുമാണ് ഈ നിറംമാറ്റം കൂടുതലായി കാണുന്നത്. അതിരപ്പിള്ളി മുതൽ കാടുകുറ്റി പഞ്ചായത്തു വരെ കലങ്ങി മറിഞ്ഞാണ് പുഴയുടെ ഒഴുക്ക്.
ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലെ സ്ലൂയിസ് ഗേറ്റ് തുറന്നാൽ ഡാമിന്റെ അടിത്തട്ടിലെ ചേറ് കലർന്ന് പുഴയിലെ വെള്ളം ചളി നിറത്തിൽ ഒഴുകാറുണ്ട്.
എന്നാൽ ഡാമുകളിലെ സ്ലൂയിസ് ഗേറ്റ് തുറക്കാതെ തന്നെ പുഴയിലെ വെള്ളം ചളി നിറത്തിൽ ഒഴുകുന്നത് പതിവായിട്ടുണ്ട്. എതാനും വർഷം മുമ്പ് വാഴച്ചാൽ മേഖലയിലെ തേക്ക് പ്ലാന്റേഷന്റെ ഭാഗമായി വളർച്ചയെത്തിയ മരങ്ങൾ വെട്ടിയും പിഴുതും മാറ്റിയിരുന്നു. ഇതിനായി നിലമൊരുക്കുകയും ചെയ്തതിന്റെ ഫലമായി മണ്ണിളകിയതിനാലാണ് മഴ പെയ്യുമ്പോൾ പുഴയിലേക്ക് കൂടുതലായി ചളി വെള്ളം ഒഴുകിയെത്തുന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ശരിയായ കാരണം വ്യക്തമല്ലാത്തതിനാൽ പുഴയോരവാസികൾക്ക് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.