ചാലക്കുടി: നഗരസഭയിൽ പോട്ടയിലെ ആശാരിപ്പാറ കുളം, താണിപ്പാറക്കുളം തുടങ്ങിയ പൊതുകുളങ്ങളിൽ ചാലക്കുടി സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന മത്സ്യകൃഷി മൂന്നാഴ്ചയ്ക്കുള്ളിൽ ഒഴിവാക്കാൻ കലക്ടറുടെ നിർദേശം. ഇതുസംബന്ധിച്ച പരാതിയിൽ കുളം നഗരസഭയുടേതല്ലെന്നും റവന്യൂ വകുപ്പിന്റേതാണെന്നും ഹൈകോടതി നിരീക്ഷണം നടത്തിയിരുന്നു. ഉചിതമായത് ചെയ്യാൻ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് മത്സ്യങ്ങളെയെല്ലാം പിടികൂടി സർവിസ് സഹകരണ ബാങ്ക് എത്രയും വേഗം കുളം ഒഴിവാക്കണമെന്ന ഉത്തരവ് കലക്ടർ പുറപ്പെടുവിച്ചത്.
യു.ഡി.എഫ് ഭരണസമിതി ഭരിക്കുന്ന സർവിസ് സഹകരണ ബാങ്കിന്റെ പോട്ടയിലെ മത്സ്യകൃഷി വിവാദങ്ങളുയർത്തിയിരുന്നു. ബാങ്കിന്റെ മത്സ്യകൃഷി അനധികൃതമാണെന്ന വാദവുമായി സി.പി.എം പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കുളം നഗരസഭയുടേതാണെന്നും മത്സ്യകൃഷി നടത്താനുള്ള അനുമതി നഗരസഭ കൗൺസിൽ അഞ്ചുവർഷത്തേക്ക് നൽകിയതാണെന്നും ബാങ്കിന്റെ സൽപ്പേരിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാങ്ക് അധികൃതരുടെ വാദം.
പൊതുകുളങ്ങൾ നഗരത്തിലെ പൊതുസ്വത്താണെന്ന് സി.പി.എം അവകാശപ്പെട്ടു. റവന്യു ഭൂമിയിലെ കുളങ്ങൾ സ്വന്തമാക്കി അവിടെ സൊസൈറ്റിയുടെ ബോർഡ് സ്ഥാപിച്ചതും പൊതുജനങ്ങൾക്ക് പ്രവേശനമില്ല എന്ന് ബാങ്ക് അധികൃതർ എഴുതിവെച്ചതുമാണ് സി.പി.എം പ്രകോപനത്തിന് കാരണം. അവിടെ പ്രവേശിച്ചാലും മീൻപിടിച്ചാലും ശിക്ഷിക്കുമെന്ന് സൊസൈറ്റി ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് സാധാരണക്കാരുടെ അവകാശത്തെ നിഷേധിക്കുകയാണെന്നാണ് സി.പി.എം പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.