ചാലക്കുടി: റോഡ് വികസനത്തിനായി സുതാര്യമല്ലാത്ത സ്ഥലമെടുപ്പ് മൂലം പരിയാരം പഞ്ചായത്തിലും കോടശ്ശേരി പഞ്ചായത്തിലും ഭൂവുടമകളും അധികൃതരും തമ്മിൽ സംഘർഷാവസ്ഥക്ക് കാരണമാകുന്നു. കോടശ്ശേരിയിൽ മലയോരപാതയുടെ സ്ഥമേറ്റെടുപ്പ് നടപടികൾ തുടങ്ങിയഘട്ടം മുതൽ ആരംഭിച്ച തർക്കങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല. അതുപോലെ പരിയാരം പഞ്ചായത്തിലും റോഡ് വികസനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥയുണ്ട്. പരിയാരത്ത് പൂവ്വത്തിങ്കൽ-കുറ്റിക്കാട് പി.ഡബ്ല്യൂ.ഡി റോഡിന് വേണ്ടിയുള്ള കല്ലിടലിനെതിരെ പലയിടത്തും ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഈ രണ്ട് സ്ഥലത്തും വിഷയത്തെ ചൊല്ലി കോടതിയിൽ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. കുറച്ചു നാളുകളായി പരിയാരം പൂവ്വത്തിങ്കൽ കുറ്റിക്കാട് റോഡിൽ വീതി കൂട്ടുന്നതിന് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ ഇരുവശത്തും സിമന്റ് കുറ്റികൾ ഇട്ടുവരുന്നുണ്ട്. പലപ്പോഴും ഉടമസ്ഥർക്ക് ഇതുസംബന്ധിച്ച് ഒരു വിവരവുമറിയിക്കുന്നില്ലെന്നാണ് പരാതി. ഉടമ സ്ഥലത്തില്ലെങ്കിലും പറമ്പിൽ പൊലീസ് സഹായത്തോടെ ബലമായി കയറി കുറ്റിയിട്ട് പോവുകയാണെന്നാണ് പരാതി. തുടർന്ന് കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട കുറ്റികൾ പറമ്പുകളിൽ സ്ഥാപിക്കുന്നത് കുറ്റിക്കാട് മേഖലയിലെ ഭൂവുടമകൾ തടഞ്ഞിരുന്നു. ഭൂമി അളക്കുന്നതിന് എതിർപ്പില്ലെന്നും എന്നാൽ കൃത്യമായി എത്രഭൂമി ഏറ്റെടുക്കുന്നു എന്നതിന് മതിയായ രേഖകൾ നൽകാതെ പറമ്പിൽ കുറ്റിയിടാൻ അനുവദിക്കില്ലെന്നും ഭൂവുടമകൾ പറഞ്ഞത് സംഘർഷാവസ്ഥക്ക് കാരണമായി.
ഈ വിഷയത്തിൽ പ്രദേശവാസികൾ ചാലക്കുടി ഡിവൈ.എസ്.പിക്ക് നൽകി. മലയോര പാതയുടെ ഭൂമിയെടുക്കലുമായി ബന്ധപ്പെട്ട് നിർമിതികൾക്ക് നഷ്ടപരിഹാര വിഷയത്തിൽ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ഈയിടെ ഇറങ്ങിയതായി പറയുന്ന നോട്ടീസിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമുണ്ട്.
നിർമിതികൾക്കായി അനുവദിച്ച നഷ്ടപരിഹാര തുക കൈപറ്റിയ ഭൂവുടമകൾ ഒക്ടോബർ 18 തീയതി മുതൽ 15 ദിവസത്തിനകം അവരവരുടെ നിർമിതികൾ എല്ലാം സ്വമേധയാ പൊളിച്ചുമാറ്റി തരേണ്ടതാണെന്നും പൊളിച്ചുമാറ്റാത്തവ പ്രവൃത്തി ആരംഭിക്കുന്നതോടെ കരാറുകാരന്റെ യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തി നീക്കം ചെയ്യുമെന്നാണ് കോടശേരി പ്രസിഡന്റ് നോട്ടീസ് നൽകിയിട്ടുള്ളത്. മലയോര പാതയുടെ സ്ഥലമെടുപ്പു വിഷയത്തിൽ ഇത്തരമൊരു നോട്ടീസ് ഭൂവുടമകൾക്ക് നൽകാൻ എന്ത് അധികാരമാണ് ഒരു പഞ്ചായത്ത് പ്രസിഡന്റിന് ഉള്ളതെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.