ചാലക്കുടി: ചാലക്കുടി ഐ.ടി.ഐയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന 29 കോടി രൂപയുടെ പദ്ധതി എവിടെപ്പോയെന്ന് ചോദ്യം. 2016-17ലെ പുതുക്കിയ സംസ്ഥാന ബജറ്റിൽ കേരളത്തിലെ 10 ഐ.ടി.ഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.
ഇതിൽ ഉൾപ്പെടുത്തി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് മുഖേന 29 കോടി രൂപ ചെലവഴിച്ച് ചാലക്കുടി ഐ.ടി.ഐയുടെ നിലവാരം ഉയർത്താൻ തീരുമാനിച്ചിരുന്നു. മറ്റു സ്ഥലങ്ങളിലെല്ലാം ഈ പദ്ധതികൾ ഏറെക്കുറേ നടപ്പാക്കിയെങ്കിലും ചാലക്കുടി ഐ.ടി.ഐയുടെ കാര്യത്തിൽ മാത്രം പദ്ധതി എവിടെയുമെത്തിയില്ലെന്നാണ് ആരോപണം.
11.26 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അതിന് പകരമാവില്ലെന്നാണ് അഭിപ്രായം. ഇതുപ്രകാരം 25,000 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനില കെട്ടിടവും ചുറ്റുമതിലുമൊക്കെയാണ് നിർമിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഐ.ടി.ഐയായ ചാലക്കുടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികൾ ഇപ്പോഴും അവഗണനയിൽ തന്നെയെന്നാണ് പരാതി. ആധുനികമായ കോഴ്സുകൾ ആരംഭിക്കുന്നില്ല. 2020ൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ആധുനികവത്കരണം ഉദ്ഘാടനം ചെയ്തെങ്കിലും കാര്യമായ വികസന പദ്ധതികൾ ഉണ്ടായില്ല. ചാലക്കുടി ഐ.ടി.ഐക്ക് സ്ഥലമില്ലെന്ന മുടന്തൻ ന്യായം ഉന്നയിച്ചാണ് വികസന പ്രവർത്തനം നിർത്തിവെച്ചത്.
എന്നാൽ, ഐ.ടി.ഐയുടെ ഇപ്പോഴത്തെ സ്ഥലപരിമിതി പരിഹരിക്കാൻ അധികാരികൾ വിചാരിച്ചാൽ സാധിക്കും. ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഇപ്പോൾ മൂന്ന് ഏക്കറോളം സ്ഥലത്താണ് ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ഐ.ടി.ഐ ഹോസ്റ്റലും വനിത ഐ.ടി.ഐയും ഇതോട് ചേർന്ന് പ്രവർത്തിക്കുന്നു. ബ്രിട്ടീഷ് കാലത്തെ ട്രാംവെയുടെ വർക്ക് ഷാപ്പിന്റെ സ്ഥലത്താണ് ഐ.ടി.ഐ സ്ഥാപിച്ചത്. ഇതിന്റെ പല വർക്ക് ഷോപ്പ് കെട്ടിടങ്ങളും ട്രാംവെയുടെ വർക്ക് ഷോപ്പുകളായിരുന്നു.
ഐ.ടി.ഐയോട് ചേർന്ന പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ വർക്ക് ഷോപ്പ് ഓഫിസ്, സാങ്കേതിക സഹകരണ സംഘം, ഐ.ടി.ഐ ക്വാർട്ടേഴ്സ് എന്നിവയുടെ സ്ഥലമെല്ലാം ഐ.ടി.ഐയുടെ ഭാഗമായിരുന്നു.
പി.ഡബ്ല്യു.ഡി വർക്ക് ഷോപ്പ് ഓഫിസും ഐ.ടി.ഐ ക്വാർട്ടേഴ്സും മറ്റൊരിടത്തേക്ക് മാറ്റാവുന്നതേയുള്ളൂ. സാങ്കേതിക സഹകരണ സംഘം കാലങ്ങളായി പ്രവർത്തിക്കുന്നില്ല. തലമുറകൾ പഠിച്ചുയർന്ന സ്ഥാപനത്തിന്റെ വികസനം നിലച്ചുപോകരുതെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.