ചാലക്കുടി: നഗരസഭ ഭരണസമിതി കലാഭവന്‍ മണിയെ അനാദരിച്ചെന്ന് ആരോപിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍മാരും സ്വതന്ത്രാംഗങ്ങളും ശനിയാഴ്ചയിലെ കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തുകയും ചെയ്തു.
കലാഭവൻ മണി പാർക്കിന്റെ കവാടത്തിന് കോൺഗ്രസ് പതാകയുടെ നിറം നൽകിയത് ഉടൻ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിന്റെ തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടു.
എന്നാൽ, ഇതുനീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ചെയർമാൻ വി.ഒ. പൈലപ്പനും ഭരണപക്ഷ അംഗങ്ങളും നിലപാടെടുത്തത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം വർധിപ്പിച്ചു. ഭരണസമിതി രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നും കലാഭവന്‍ മണി പാര്‍ക്കിന്റെ കമാനത്തിന് നഗരസഭയുടെ ഔദ്യോഗിക നിറം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം മുദ്രവാക്യം വിളികളോടെ യോഗ നടപടികൾ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെയർമാൻ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു.
കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ച കലാഭവന്‍ മണി പാര്‍ക്ക് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരുന്നത്. എന്നാൽ, പാര്‍ക്കിന്റെ കമാനത്തിന് കോണ്‍ഗ്രസ് പതാകയുടെ നിറം നല്‍കിയതിനെ ചൊല്ലി വലിയ പ്രതിഷേധമുയർന്നിരുന്നു.
ഈ വിഷയത്തില്‍ ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ തുടര്കൗണ്സിലുകളും നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് പറഞ്ഞു. പ്രതിഷേധത്തിന് ബിജി സദാനന്ദന്, ഷൈജ സുനില്‍, ബിന്ദു ശശികുമാര്‍, ലില്ലി ജോസ്, കെ.എസ്. സുനോജ്, വി.ജെ. ജോജി, ടി.ഡി. എലിസബത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.