ചാലക്കുടി: വാർഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ യോഗത്തിൽ ചെയർമാനെതിരെ ആഞ്ഞടിച്ച് ഭരണപക്ഷ അംഗം. പോട്ട വാർഡിലെ ഭരണകക്ഷി അംഗം വൽസൻ ചമ്പക്കരയാണ് ചെയർമാൻ എബി ജോജിനെതിരെ തിരിഞ്ഞത്.
ചാലക്കുടി നഗരസഭയിൽ മാത്രം നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലെന്നും ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചെയർമാൻ ധാർഷ്ട്യത്തോടെയാണ് പ്രതികരിക്കുന്നതെന്നും വൽസൻ കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷവും ആരോപണം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഐ.ക്യു റോഡിൽ തർക്കവും വെട്ടും നടന്നത് നഗരസഭ തക്കസമയത്ത് ഇടപെടാത്തതിനാലാണെന്ന് പ്രതിപക്ഷാംഗം ബിന്ദു ശശികുമാർ പറഞ്ഞു. എന്നാൽ വൽസൻ ചമ്പക്കരയുടെ വാർഡിലെ റോഡ് പണിക്ക് അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ ശിപാർശ ചെയ്തിരുന്നുവെന്ന് ചെയർമാൻ എബി ജോർജ് വ്യക്തമാക്കി.
നഗരസഭയുടെ തനതുഫണ്ട് ജലഅതോറിറ്റിയുടെ ജപ്തി ഭീഷണിയെ തുടർന്ന് തഹസിൽദാർ മരവിപ്പിച്ചതിനാലാണ് പണം അനുവദിക്കാൻ സാധിക്കാതെ പോയതെന്നും അറിയിച്ചു. 23ാം വാർഡിലെ റോഡ് നിർമാണം തടസ്സപ്പെടുത്തുകയും പ്രദേശവാസിയെ ആക്രമിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നേതാവ് സി.എസ്. സുരേഷ് ആവശ്യപ്പെട്ടതിനെത്തുടർന്ന്, നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
നഗരസഭ വക കെട്ടിടമുറികളുടെ വാടക അഞ്ച് ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷ സ്വതന്ത്ര അംഗങ്ങളായ വി.ജെ. ജോജിയും ടി.ഡി. എലിസബത്തും ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തി.
ട്രഷറി നിയന്ത്രണം ഒഴിവാക്കണമെന്നും നഗരസഭക്ക് അനുവദിക്കാനുള്ള ബാക്കി പദ്ധതി വിഹിതം അനുവദിക്കണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെടണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഷിബു വാലപ്പൻ ആവശ്യപ്പെട്ടു.
ഈമാസം ആറിന് രാവിലെ 10ന് നഗരസഭ ടൗൺ ഹാളിൽ വികസന സെമിനാർ നടത്തും. നഗര ശുചിത്വത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയതിൽ നഗരസഭയുടെ ആരോഗ്യവിഭാഗത്തെയും കൗൺസിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.