ചാലക്കുടി: അമൃത് സ്റ്റേഷന്റെ പേരിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് നാമമാത്ര വികസന പ്രവർത്തനങ്ങളെന്ന് പരാതി. മറ്റിടങ്ങളിൽ വൻ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇത് മുറ്റം മിനുക്കലിൽ ഒതുങ്ങുന്നു.
സ്റ്റേഷന് വടക്കുഭാഗത്ത് പഴയ ക്വാർട്ടേഴ്സിന്റെ പാർക്കിങ് സൗകര്യം നവീകരിച്ചതും സ്റ്റേഷൻ മുറ്റം കോൺക്രീറ്റ് ചെയ്യുന്നതും പുതിയ ഗേറ്റ് നിർമിക്കുന്നതും ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന്റെ കുറച്ചു ഭാഗത്ത് സീലിങ്ങ് ചെയ്യുന്നതും മാറ്റി നിർത്തിയാൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാനപരമായ ഒരു വികസന പ്രവർത്തനവുമില്ല. യാത്രക്കാർ കാലങ്ങളായി ആവശ്യപ്പെടുന്ന പല സൗകര്യങ്ങളും ഇപ്പോഴും കാണാമറയത്താണ്.
റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന് കാലോചിതമായ ഒരു മാറ്റവുമില്ല. ടിക്കറ്റ് കൗണ്ടറുകളും യാത്രക്കാരുടെ വിശ്രമമുറികളും അസൗകര്യങ്ങളിൽ തുടരുകയാണെന്നതാണ് പ്രധാന കാര്യം. കാലങ്ങളായി പ്ലാറ്റ് ഫോം ഉയർത്തൽ നടക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് പ്രധാന കെട്ടിടം ഉയർത്താറില്ല. ഇപ്പോൾ മുറ്റം കോൺക്രീറ്റ് ചെയ്തും ടൈൽസിട്ടും ഉയർത്തുമ്പോൾ കെട്ടിടം കുഴിയിലായ പ്രതീതിയുണ്ട്. സാധ്യതകൾ ഏറെയുണ്ടെങ്കിലും കമേഴ്സ്യൽ കോംപ്ലക്സ് നിർമാണം നടക്കുന്ന ലക്ഷണമില്ല.
പുതുതായി ഒരു സർവിസ് പോലും ചാലക്കുടി റെയിൽവേ സ്റ്റേഷന് അനുവദിക്കപ്പെട്ടിട്ടില്ല. തൃശൂർ കഴിഞ്ഞാൽ ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണിത്.
എന്നിട്ടും യാത്രക്കാർ കാലങ്ങളായി ആവശ്യപ്പെടുന്ന സർവിസുകൾക്കൊന്നും ഇവിടെ സ്റ്റോപ്പില്ലെന്നതും നിരാശാജനകമാണ്. ദേശീയ ശ്രദ്ധയാകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിലേക്ക് യാത്രക്കാരെത്തുന്ന സ്റ്റേഷൻ എന്ന നിലയിൽ ചാലക്കുടിക്ക് ഒരു സൗകര്യവും എർപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.