ചാലക്കുടി: ചാലക്കുടിപ്പുഴയോരത്തെ മൈനർ ഇറിഗേഷൻ പദ്ധതികൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അപ്രതീക്ഷിത വരൾച്ച സാഹചര്യത്തെ തുടർന്നാണ് കർഷകരുടെയും കർഷക സംഘടനകളുടെയും ആവശ്യം.
മഴക്കാലത്ത് മൈനർ ഇറിഗേഷൻ പദ്ധതികൾ ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. അതിനാൽ പുഴയോരത്തെ പമ്പ് ഹൗസുകൾ പ്രവർത്തിപ്പിക്കാൻ മുന്നൊരുക്കങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുമെന്ന് ഭയന്ന് പമ്പുഹൗസുകളിലെ പമ്പ് സെറ്റുകൾ പലയിടങ്ങളിലും കരുതലിനായി അഴിച്ചു മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. പ്രളയകാലത്ത് ചാലക്കുടിപ്പുഴയോരത്ത് പമ്പു സെറ്റുകളിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. അതിനാലാണ് കരുതൽ നടപടിയുടെ ഭാഗമായി പ്രത്യേക നിർദേശപ്രകാരം പമ്പു സെറ്റുകൾ അഴിച്ചുമാറ്റിയത്.
കുടിവെള്ളത്തിനും നനക്കും പ്രത്യേകം പമ്പിങ്ങ് യൂനിറ്റുകൾ ചാലക്കുടിപ്പുഴയോരത്തുണ്ട്. വാട്ടർ അതോറിറ്റിയുടെ മാത്രം മുപ്പത്തോളം പമ്പിങ് സ്റ്റേഷനുകൾ പുഴയെ ആശ്രയിക്കുന്നു. അതിരപ്പിള്ളി പഞ്ചായത്ത് മുതൽ തീരപ്രദേശമായ എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകൾ വരെ പതിനൊന്ന് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കുടിവെള്ള വിതരണം പൂർണമായും ചാലക്കുടിപ്പുഴയെ ആശ്രയിച്ചാണ്.
കേരളത്തിൽ ഏറ്റവും അധികം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുള്ളത് ചാലക്കുടി പുഴയിലാണ്. 25 എച്ച്.പിക്ക് മുകളിൽ 85 മേജർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും 25 എച്ച്.പിക്ക് താഴെ 615 മൈനർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ഇവിടെയുണ്ട്. നെല്ലിനുപുറമേ നാണ്യവിളകളായ ജാതി, തെങ്ങ്, കവുങ്ങ്, വാഴ മുതലായ കൃഷികൾ ഇവയിൽനിന്നുള്ള ജലസേചനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. കർക്കടകത്തിൽ പ്രതീക്ഷിച്ച മഴ കിട്ടാത്തതാണ് വിനയായത്. ഭൂഗർഭജലം താഴുന്നതോടെ നദീതടത്തിലെ കിണറുകളിലെ ജലവിതാനവും താഴ്ന്നിട്ടുണ്ടു്. ഈ സാഹചര്യത്തിൽ ചാലക്കുടിയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളെ മാത്രമേ ശരണം പ്രാപിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.