ചാലക്കുടി: മഴക്കാലം വന്നിട്ടും പ്രതീക്ഷിച്ചതുപോലെ ശക്തമാകാത്തതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നുതന്നെ കിടക്കുകയാണ്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിറഞ്ഞൊഴുകാറുള്ള ചാലക്കുടിപ്പുഴയിൽ ജൂലൈ ആയിട്ടും വെള്ളം വളരെ കുറവാണ്.
മേയ്, ജൂൺ മാസത്തിൽ ന്യൂനമർദത്തെ തുടർന്ന് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജലനിരപ്പിൽ നേരിയ പുരോഗതി ഉണ്ടായത്. മലയിൽനിന്നുള്ള തോടുകളും സജീവമായില്ല.
മലയോരത്ത് മഴ കുറവായത് പുഴയിലെ വെള്ളത്തെയും ബാധിച്ചു. മുകൾത്തട്ടിലെ ഡാമുകളായ പെരിങ്ങൽക്കുത്തിലും ഷോളയാറിലും വെള്ളം കുറവാണ്. ഷോളയാറിൽ 36 ശതമാനം വെള്ളമേയുള്ളൂ. കരാർ പ്രകാരം ജൂലൈ മുതൽ തമിഴ്നാട് അപ്പർ ഷോളയാറിൽനിന്ന് വെള്ളം ഇവിടേക്ക് നൽകേണ്ടതാണ്. ഡാം നിറക്കേണ്ടതുണ്ടെങ്കിലും വെള്ളം തുറന്നുവിട്ടിട്ടില്ല. പെരിങ്ങലിലും ഷോളയാറിലും വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി മഴ തീരെ കുറവാണ്.
ഷോളയാറിൽ രണ്ട് മെഷീനുകൾ വൈദ്യുതി ഉൽപ്പാദിപ്പിച്ചതിനുശേഷമുള്ള വെള്ളം പെരിങ്ങലിലേക്ക് എത്തുന്നുണ്ട്. പെരിങ്ങലിലും വൈദ്യുതി ഉൽപാദനം നടക്കുന്നു. എന്നാൽ, ഇതിലൂടെ വരുന്ന ജലം ചാലക്കുടിപ്പുഴയുടെ ജലനിരപ്പിനെ കാര്യമായി ബാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.