ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണം അവസാന ഘട്ടത്തിൽ. മഴ ശക്തമാകുന്നതിന് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. മുൻ തീരുമാനമനുസരിച്ച് ഏപ്രിലോടെ പൂർത്തിയാകേണ്ടതാണ്. ഈമാസം പ്രവൃത്തികൾ തീരുമെന്നാണ് കരുതുന്നത്.
അടിപ്പാതയുടെ കവാടത്തിന്റെ ഇരുവശത്തെയും അപ്രോച്ച് റോഡുകൾ മണ്ണിട്ട് നികത്തുകയെന്ന ഭാരിച്ച ജോലി പൂർത്തിയായിയെന്നത് ആശ്വാസകരമാണ്. റോഡ് ടാറിങ് ജോലിയാണ് ഇനി പ്രധാനമായും അവശേഷിക്കുന്നത്. മുകൾ ഭാഗത്തെ ഇരുവശത്തെയും നടപ്പാതകൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ട്. പ്രത്യേക സങ്കേതിക വിദ്യ ഉപയോഗിച്ചാണ് സൈഡ് വാൾ നിർമാണവും മറ്റും നടത്തിയിട്ടുള്ളത്.
സുരക്ഷാ ഭിത്തി നിർമാണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. അതേസമയം, ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വൈദ്യുതി ലൈനുകൾ ഉടൻ മാറ്റേണ്ടതുണ്ട്. മഴ തുടർച്ചയായി പെയ്യും മുമ്പ് പണികൾ തീർന്നില്ലെങ്കിൽ അവസാനഘട്ട പ്രവൃത്തികൾ തടസ്സപ്പെടും.
അപകട കേന്ദ്രമായ ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണമെന്ന സ്വപ്നത്തിന് 25 വർഷത്തിലേറെ പഴക്കമുണ്ട്. അതിനായി വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു. പുതിയ കരാറുകാരായ പെരുമ്പാവൂരിലെ ഇ.കെ.കെ. കൺസ്ട്രക്ഷൻ കമ്പനി നിർമാണം ഏറ്റെടുത്തതോടെയാണ് പ്രവൃത്തികളിൽ കാര്യമായ മുന്നേറ്റം ഉണ്ടായത്.
അടിപ്പാത നിർമാണത്തിന് ആവശ്യമായ മണ്ണെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും അത് നീങ്ങിയതോടെ നിർമാണം സുഗമമാവുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് പൂർത്തിയായില്ലെങ്കിൽ രൂക്ഷമായ ഗതാഗത തടസ്സം ഉണ്ടാകുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.