ചാലക്കുടി: ജില്ലയിൽ നാഷനൽ സർവിസ് സ്കീം നടപ്പാക്കുന്ന ‘സ്നേഹ ഭവനം’ പദ്ധതിയിലെ ആറാമത്തെ വീടിന് ചാലക്കുടിയിൽ തറക്കല്ലിട്ടു. കാർമൽ സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ അവരുടെ പ്രിയപ്പെട്ട സരിതേച്ചിക്ക് തണൽക്കൂട് തീർക്കുകയാണ്. വി.ആർ പുരം വാർഡ് 33ൽ കൂടത്തിങ്കൽ മോഹനന്റെ മകൾ സരിത എന്ന കുട്ടികളുടെ സരിതേച്ചി സ്കൂളിൽ ക്ലീനിങ് ജോലിക്കാരിയാണ്. ഒരു വർഷമായി എൻ.എസ്.എസ് വളന്റിയർമാർ വീട് നിർമാണത്തിനുള്ള ശ്രമത്തിലായിരുന്നു. നാണയ ശേഖരണം, ന്യൂസ് പേപ്പർ ചലഞ്ച്, ഡിഷ് വാഷ് നിർമാണവും വിൽപനയും, പഴയ നോട്ട്ബുക്ക് ചലഞ്ച്, നോട്ട് ബുക്ക് വിൽപന, സ്കൂൾ കാമ്പസിൽ കൃഷി എന്നിവയിലൂടെ സമാഹരിച്ച പണം, ജന്മദിന സംഭാവന എന്നിങ്ങനെ സമ്പാദിച്ചാണ് വീട് നിർമാണത്തിന് തുക കണ്ടെത്തിയത്.
900 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടിന് 14 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.ഒ. ജോസ്, അധ്യാപകരായ എൽദോസ്, സിന്നി, എൻ.എസ്.എസ് ലീഡർമാരായ ജേക്കബ് തോമസ്, മരിയ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ സ്നേഹക്കൂടിന് ശിലയിട്ടു. സനീഷ് കുമാർ ജോസഫ് എം.എൽ.എ പദ്ധതി നിർമാണം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.