ചാലക്കുടി: കടുത്ത ജലക്ഷാമമുള്ള മേലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച് പാഴായിക്കിടക്കുന്ന ചൂണ്ടാണിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും മേലൂർ പഞ്ചായത്തും തുക ചെലവഴിച്ച് സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷനാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്.
എൽ.ഡി.എഫ് ഭരിക്കുന്ന മേലൂർ പഞ്ചായത്താണ് ഈ അവസ്ഥക്ക് കാരണമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് സമരം ചെയ്തിരുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിലെ മുൻ യു.ഡി.എഫ് അംഗമാണ് പദ്ധതി കൊണ്ടുവന്നതെന്നും ഈ ദുഃസ്ഥിതിക്ക് കാരണം അവരാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.
പദ്ധതി 150 കർഷക കുടുംബങ്ങൾക്ക് ആശ്രയമാകുമായിരുന്നു. ഇതിന്റെ നടത്തിപ്പിന് കർഷകസമിതിപോലും രൂപവത്കരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കർഷകരുടെ കൃഷിഭൂമി പദ്ധതി പ്രകാരം ജലസേചനയോഗ്യമായിരുന്നെങ്കിൽ കിണറുകളിലും ആവശ്യത്തിന് വെള്ളം ഉണ്ടാകുമായിരുന്നു.
നിലവാരം കുറഞ്ഞ ജി.ഐ പൈപ്പ്, പി.വി.സി പൈപ്പ് എന്നിവയാണ് ഉപയോഗിച്ചതെന്നാണ് പരാതി. ട്രയൽ റൺ നടത്തിയപ്പോൾതന്നെ മോട്ടോറുമായി ബന്ധിപ്പിച്ചിടത്ത് ജി.ഐ പൈപ്പ് വേർപെട്ടെന്ന് ഒരുകൂട്ടർ ആരോപിക്കുമ്പോൾ പ്രളയകാലത്ത് മരം വന്നിടിച്ച് തകർന്നെന്ന് എതിർപക്ഷം പറയുന്നു. ഷെഡ് നിർമാണത്തിലും പമ്പിങ് കിണർ നിർമിച്ചതിലും ഗുണമേന്മയില്ലാത്ത പി.വി.സി പൈപ്പ് സ്ഥാപിച്ചതിലും അപാകതയുണ്ടെന്നാണ് പരാതി.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 126ാം ബൂത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. നിർമാണസമയത്തെ അഴിമതിയും കെടുകാര്യസ്ഥതയും വിജിലൻസ് അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് എൻ.സി. തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പോൾ ഡി. നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. എം.ടി. ഡേവിസ്, കെ.എസ്. വർഗീസ്, ടി.ആർ. രാധാകൃഷ്ണൻ, വി.പി. ആന്റു, തോമസ് കണ്ണമ്പള്ളി, ജയ വിൽസൺ പാലാട്ടി, നിതിൻ ജോസ് എന്നിവർ സംസാരിച്ചു.
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആദ്യഘട്ടം പൂര്‍ത്തിയാക്കി
ആമ്പല്ലൂർ: തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി ആദ്യഘട്ടം പൂര്‍ത്തിയാക്കി കമീഷന് ചെയ്യാന്‍ തീരുമാനം. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം കുറുമാലി പുഴയോരത്ത് നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കിടന്ന പദ്ധതിക്കാണ് കെ.കെ. രാമചന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പുനരുജ്ജീവനം നൽകാൻ തീരുമാനമായത്. പദ്ധതിക്കായി 230 മീറ്റര്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി കൂടി ബാക്കിയുണ്ട്. സ്ഥല ഉടമകള്‍ തര്‍ക്കം ഉന്നയിച്ചതിനാല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അജയകുമാര്‍ യോഗത്തില്‍ അറിയിച്ചു. പ്രസ്തുത സ്ഥലത്ത് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് സ്ഥല ഉടമകളുമായി സംസാരിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ക്കുമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, സര്‍വകക്ഷി പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പൂര്‍ണമായും വരന്തരപ്പിള്ളി, പുതുക്കാട്, തൃക്കൂര്, നെന്മണിക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ ഭാഗികമായും ഉള്‍പ്പെടുന്ന വലിയ പദ്ധതിയാണ് തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍. 8.5 കോടി രൂപയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുവദിച്ചത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്, പ്രിന്സന് തയ്യാലക്കല്‍, സൈമണ്‍ നമ്പാടന്, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.