മു​രി​ങ്ങൂ​ർ-​ഏ​ഴാ​റ്റു​മു​ഖം റോ​ഡ് പൊ​ളി​ച്ചി​ട്ട നി​ല​യി​ൽ

മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നിർമാണം; കരാറുകാരന് കിഫ്ബിയുടെ അന്ത്യശാസനം

ചാലക്കുടി: മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് കിഫ്‌ബി ഉദ്യോഗസ്ഥർ കരാറുകാരന് അന്ത്യശാസനം നൽകി. നിർദേശം പാലിക്കാത്തപക്ഷം തുടർനടപടി സ്വീകരിക്കാൻ കിഫ്‌ബി ഉദ്യോഗസ്ഥർ തീരുമാനിച്ചു.

നവീകരണ ഭാഗമായി രണ്ടുവർഷത്തിലേറെയായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഗതാഗതം ദുസ്സഹമായതിനാൽ പ്രദേശത്ത് രണ്ടുവർഷമായി യാത്രാദുരിതം തുടരുകയാണ്.

32 കോടി രൂപ‌യോളം ചെലവഴിച്ചാണ് മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്‍റെ നവീകരണം നടക്കുന്നത്. ഇതിൽ 14 കിലോമീറ്ററോളം ദൂരമാണ് മേലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നത്. ആദ്യഘട്ടത്തിൽ റോഡ് വെട്ടിപ്പൊളിച്ച് ഒരുവർഷത്തോളം ചളിക്കുണ്ടായി കിടന്നു.

കനത്ത പ്രതിഷേധത്തെ തുടർന്ന് പൂലാനിവരെ ടാറിങ് നടത്തി. വീണ്ടും പ്രക്ഷോഭം ശക്തമായതോടെയാണ് കുന്നപ്പിള്ളി വരെ ടാറിങ് നടത്തിയത്. ഇനിയും അടിച്ചിലി വരെയുള്ള ദൂരം മേലൂർ പഞ്ചായത്തിൽ പണിതീരാതെ കിടക്കുന്നതാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്.

റോഡ് നിർമാണത്തിന്‍റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഉടൻ നിർമാണം നടത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, കരാറുകാരൻ ഇതിനെതിരെ മുഖം തിരിക്കുകയാണ്. ഏഴാറ്റുമുഖം വരെ റോഡ് നിർമാണം നടത്താൻ 10 മീറ്റർ വീതിയിൽ സ്ഥലം അളന്ന് കിട്ടണമെന്ന് കരാറുകാരൻ ആവശ്യമുന്നയിച്ചിട്ടുണ്ട്.

റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ജനങ്ങളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ജനകീയ റോഡ് വികസന സമിതി നേതൃത്വത്തിൽ മുരിങ്ങൂർ മുതൽ അടിച്ചിലി വരെ പദയാത്ര നടത്തിയിരുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കാൻ മേലൂരിൽ ശനിയാഴ്ച ജനകീയ റോഡ് വികസന സമിതി വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. 

Tags:    
News Summary - Construction of Muringur-Ezhattumukham road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.