ചാലക്കുടി നഗരസഭ ആരോഗ്യ വിഭാഗത്തിൽ അഴിമതി

ചാലക്കുടി: ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് ചാലക്കുടി നഗരസഭയിൽ ആരോഗ്യ വിഭാഗത്തിൽ അഴിമതി. ലൈസൻസ് പുതുക്കി നൽകുന്നതിൽ നഗരസഭക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഇതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരിയെ ഏതാനും ദിവസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. അഴിമതി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. അതേസമയം ആരോഗ്യ വിഭാഗത്തിലെ അഴിമതി നടന്നതിന് പിന്നിൽ ഭരണപക്ഷത്തിന് പങ്കുള്ളതായി പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും നഗരസഭക്ക് ലഭിക്കേണ്ട ഫീസ് വലിയ രീതിയിൽ കുറവുണ്ട്. ചില ഫയലുകളിൽ നിലവിലുണ്ടായിരുന്നതിനേക്കാൾ വലിയ കുറവ് വരുത്തിയതായും കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ഇത് മൂലം നഗരസഭക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായും പ്രാഥമികമായി കണ്ടെത്തി. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ലൈസൻസ് ഫീസ് ക്രമവിരുദ്ധമായ് കുറച്ചുനൽകി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അഴിമതി നടത്തുകയായിരുന്നു.

ഇതിന് പ്രതിഫലമായി ഇവർ രഹസ്യമായി സാമ്പത്തിക ലാഭം കൊയ്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭരണപക്ഷത്തെ നേതാക്കൾ ഇതിന് ഒത്താശ ചെയ്തതായി ആരോപണമുണ്ട്. കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിഭാഗത്തിലും അഴിമതി ആരോപണമുണ്ട്.

ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ എബി ജോർജ് പറഞ്ഞു. തുടർ നടപടിയും മേൽ അന്വേഷണങ്ങളും സംബന്ധിച്ച് 15ന് നടക്കുന്ന കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Corruption in Chalakudy Municipal Health Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.