ചാലക്കുടി: അടിപ്പാത വന്നിട്ടും റോഡ് മുറിച്ചുകടക്കൽ തുടരുന്നത് നഗരസഭ ജങ്ഷനെ വീണ്ടും അപകട കേന്ദ്രമാക്കുന്നു. അപകട ഭീഷണി ഒഴിവാക്കാനാണ് ജനങ്ങളുടെ മുറവിളികൾക്കൊടുവിൽ ദേശീയപാതക്ക് കുറുകെ അടിപ്പാത നിർമിച്ചത്. രണ്ട് ദിവസം മുമ്പ് ഇവിടെ വീണ്ടും അപകട മരണം ഉണ്ടായി. പരിയാരം സ്വദേശിയായ വയോധികൻ നഗരസഭ ജങ്ഷനിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് മരിച്ചിരുന്നു.
സാഹസികമായി റോഡ് മുറിച്ചുകടക്കുന്ന നിരവധി പേർ ഇവിടെ പതിവു കാഴ്ചയാണ്. ഈ ഭാഗത്ത് ജനങ്ങൾ റോഡ് മുറിച്ചുകടക്കുന്നത് തടയാൻ ഭിത്തി നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരസഭ ഓഫിസ്, ഗവ. ബോയ്സ് സ്കൂൾ, പാർക്ക്, കെ.എസ്.ഇ.ബി, വനംവകുപ്പ് ഓഫിസുകൾ, വില്ലേജ് ഓഫിസ്, രജിസ്റ്റർ ഓഫിസ്, ഐ.ടി.ഐ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ദേശീയ പാതക്ക് തൊട്ടു പടിഞ്ഞാറ് വശത്താണ്. ധാരാളം പേർ ഇവിടേക്കും ഇവിടെനിന്ന് ചാലക്കുടി നോർത്ത് ജങ്ഷനിലേക്കും കാൽനടയായി പോകാറുണ്ട്. അടിപ്പാത വഴിയിലൂടെ വളഞ്ഞു പോകാതെ ഇവർ എളുപ്പവഴിയിൽ റോഡ് മുറിച്ചുകടക്കുന്നതാണ് പുതിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്.
മുമ്പ് ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവരാണ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നത്. അടിപ്പാത നിർമാണം ഭാഗികമായി പൂർത്തിയായതോടെ വാഹനങ്ങൾ അതിലൂടെ കടന്നുപോകുന്നത് അപകട സാധ്യതയൊഴിവാക്കി.
എന്നാൽ, ആരും നിയന്ത്രിക്കാനില്ലാതെ കാൽനടക്കാർ പഴയതുപോലെ റോഡ് മുറിച്ചുകടക്കുന്നതിനാൽ അപകട സാധ്യത ഇരട്ടിയിലേറെയാണ്. ഇവിടെ ദേശീയപാതയുടെ ഒരു ഭാഗത്ത് കയറ്റവും മറുഭാഗത്ത് ഇറക്കവുമാണ്. അടിപ്പാതക്ക് മുകളിലൂടെയുള്ള ദേശീയ പാതയിൽ വാഹനങ്ങൾ ഇരട്ടി വേഗത്തിലാണ് കടന്നു പോകുന്നത്. ഇതിനകം 20ൽപരം അപകടങ്ങളാണ് ഇവിടെ നടന്നത്. കുറുക്കുവഴി തേടുന്ന ജനങ്ങളുടെ അശ്രദ്ധ വീണ്ടും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.