ചാലക്കുടി: 97ാം വയസ്സിലും പരിയാരം കർഷകസമരനായകന് പഴയ തെരഞ്ഞെടുപ്പിെൻറ കഥകൾ പറയാൻ ആവേശം. കെ.എസ്. ദാമോദരൻ കഴിഞ്ഞ ഒരുവർഷമായി മേലൂർ കുന്നപ്പിള്ളിയിലെ വീട്ടിൽ കിടപ്പിലാണ്. അദ്ദേഹത്തിെൻറ ഓർമകൾ ഒരുനൂറ്റാണ്ടോളം കേരളീയ സമൂഹത്തിെൻറ ചരിത്രപരിണാമങ്ങളിലൂടെ സഞ്ചരിക്കുന്നു. വിശ്രമജീവിതത്തിലാണെങ്കിലും പഴയകാര്യങ്ങൾ സംസാരിക്കുമ്പോൾ ആവേശമേറും. ജന്മിത്വത്തിെൻറ ഭീകരതയും കുടിയാെൻറ ദീനതയും ചിതറുന്ന ബോധധാരയിൽ കയറിവരും. പുഴകടന്ന് പരിയാരം കർഷകസമരത്തിൽ സജീവ പങ്കാളിത്തം വഹിച്ച ദിവസങ്ങൾ ജ്വാലയായി പടരും. പരിയാരത്തെ ചരിത്രപ്രസിദ്ധമായ കർഷകസമരത്തെ മുന്നോട്ടുനയിച്ച നാളുകൾ. മനസ്സ് ഇപ്പോഴും തൊഴിലാളിമുന്നേറ്റ നാളുകളിലാണ് ജീവിക്കുന്നത്. പാർട്ടി പിളർന്നപ്പോൾ സി.പി.എം പക്ഷത്ത് നിലയുറപ്പിച്ചു.
കെ.എസിെൻറ തെരഞ്ഞെടുപ്പ് സ്മരണകൾക്ക് കൈപൊക്കി വോട്ടു രേഖപ്പെടുത്തുന്ന ഗ്രാമീണ പഞ്ചായത്തുകളുടെ കാലത്തോളമുണ്ട്. ദ്വയാംഗത്വവും സ്ത്രീസംവരണവുമുള്ള കാലം. തെരഞ്ഞെടുപ്പ് കാലത്ത് കവലയിൽ ആളുകളെ വിളിച്ചുകൂട്ടി കാര്യങ്ങൾ വിശദീകരിക്കും, വോട്ട് ചോദിക്കും. വീടുകൾ കയറിയിറങ്ങിയാണ് പ്രധാന പ്രചാരണം. അന്നൊക്കെ പഞ്ചായത്ത് തെരഞ്ഞടുപ്പിന് പത്തും പതിനാറും വർഷത്തിെൻറ ഇടവേളകൾ നീണ്ടുപോകും.
അന്ന് മേലൂരിൽ ആറു വാർഡുകളേയുള്ളൂ. കോൺഗ്രസായിരുന്നു ഭരിച്ചിരുന്നത്. മേലൂർ പഞ്ചായത്തിനെ ചുവപ്പണിയിക്കാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് കെ.എസ്. മത്സരരംഗത്ത് സജീവമായിരുന്നു. ആദ്യത്തെ രണ്ട് തവണയും പരാജയപ്പെട്ടു. മൂന്നാം വട്ടം 1980ൽ വിജയിച്ചു. മേലൂർ പഞ്ചായത്ത് വൻ ഭൂരിപക്ഷത്തോടെ സി.പി.എം പിടിച്ചെടുക്കുകയും ചെയ്തു. സി.പി.എമ്മിെൻറ നേത്യത്വത്തിലെ ആദ്യ പഞ്ചായത്ത് പ്രസിഡൻറാണ് ദാമോദരൻ. പിന്നീട് പഞ്ചായത്തിനെ സി.പി.എം കോട്ടയായി നിലനിർത്തി. സജീവമായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. എങ്കിലും, സ്ഥാനാർഥികളും പ്രവർത്തകരും അനുഗ്രഹം വാങ്ങാൻ വരാറുണ്ട്. കിടപ്പിലായതിനാൽ ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവുമോയെന്ന് സംശയമുണ്ട്. ദുഃഖത്തിലും സന്തോഷത്തിലും ഒപ്പംനിന്ന സഹധർമിണി യാത്രപറഞ്ഞിട്ട് ഒരുവർഷം തികഞ്ഞിട്ടില്ല. മക്കൾ ശരിയായി സംരക്ഷിക്കുന്നുണ്ട്. പ്രശസ്ത സിനിമാസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന എ.കെ. ലോഹിതദാസിെൻറ ഭാര്യ സിന്ധുവിെൻറ പിതാവ് കൂടിയാണ് ദാമോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.