ചാലക്കുടി: പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാൻ കോടശ്ശേരി പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതി തയാറാവാത്തതിനെതിരെ പ്രതിഷേധം. ഇടതുപക്ഷ അംഗങ്ങൾ പ്രതീകാത്മകമായ അനാച്ഛാദനം നടത്തി. മാസങ്ങൾക്ക് മുമ്പ് തയാറായ പഞ്ചായത്തിന് മുന്നിലെ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം പലവട്ടം നീട്ടിവച്ചിരുന്നു. ബുധനാഴ്ച അനാച്ഛാദനം ചെയ്യുമെന്നായിരുന്നു തീരുമാനം. ബുധനാഴ്ചയും ഇത് ലംഘിച്ചതിനെ തുടർന്നാണ് പഞ്ചായത്തിന് മുന്നിൽ ഇടതുപക്ഷ അംഗങ്ങൾ പ്രതീകാത്മകമായി അനാച്ഛാദനം ചെയ്തത്.
27ന് ഗാന്ധിപ്രതിമ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് അനാച്ഛാദനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
ഒക്ടോബറിലാണ് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. ഇതുപ്രകാരം ഒക്ടോബർ 28, 31, നവംബർ ഒന്ന് എന്നിങ്ങനെ അനാച്ഛാദന തീയതികൾ പലവട്ടം തീരുമാനിക്കുകയും അത് മാറ്റിവെക്കുകയും ചെയ്തിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് ഇതിനുപിന്നിലുള്ളതെന്നാണ് ആരോപണം. പ്രതിമയുടെ ഫലകത്തിലെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്റെ പേര് താഴെയായതാണ് പ്രശ്നത്തിന് ഒരു കാരണമത്രേ. പിന്നീട് ഫലകം തിരുത്തിയെഴുതി മാറ്റി സ്ഥാപിച്ചെങ്കിലും ഒന്നും ഫലമുണ്ടായില്ല.
അവസാനം ഡിസംബർ 27ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന തീരുമാനവും പ്രസിഡന്റ് തെറ്റിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇ.എ. ജയതിലകൻ ഉദ്ഘാടനം ചെയ്തു. സി.കെ. സഹജൻ ആധ്യക്ഷത വഹിച്ചു. ഉഷ ശശിധരൻ, സജിത ഷാജി, ദീപ പോളി, കെ.വി. ടോമി, പി.ആർ. ബാബു, ഇ.ജെ. വില്യംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.