ചാലക്കുടി: കഴിഞ്ഞ വർഷം മീൻവണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് ചാലക്കുടിയിൽ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ പിടിയിലായി. ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ ഷഫീഖ് (36) ആണ് അറസ്റ്റിലായത്. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷഫീഖ്. കഴിഞ്ഞ വർഷം ആഗസ്റ്റ് 12ന് ആന്ധ്രയിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് മീൻ വണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 140 കിലോ കഞ്ചാവ് സേലം-കൊച്ചി ദേശീയപാതയിൽ ചാലക്കുടി കോടതി ജങ്ഷന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് സംശയാസ്പദമായ ലോറി തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് മീൻ നിറക്കുന്ന പ്ലാസ്റ്റിക് പെട്ടികൾക്ക് പിറകിൽ പൊതികളാക്കി ഭദ്രമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിെൻറ ഡ്രൈവർ കൊല്ലം ശക്തികുളങ്ങര സ്വദേശി അരുൺ കുമാറിനെ ചോദ്യം ചെയ്തപ്പോൾ ആലുവ സ്വദേശിയായ ഷഫീഖാണ് കഞ്ചാവ് കടത്തിെൻറ സൂത്രധാരനെന്ന് പൊലീസിന് വിവരം കിട്ടി. കഞ്ചാവുമായെത്തിയ മീൻലോറി ആയിടക്ക് ഇയാൾ വാങ്ങിയിരുന്നു. എന്നാൽ, കഞ്ചാവ് പൊലീസ് പിടികൂടിയതറിഞ്ഞ ഷഫീഖ് ഒളിവിൽ പോയി.
കൊച്ചി ചേരാനല്ലൂർ ശ്രീവൈദ്യനാഥ ക്ഷേത്രത്തിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു. ഫോൺ ഓഫ് ചെയ്തിരുന്നെങ്കിലും ഷഫീഖിെൻറ വീട്ടുകാരെയും മറ്റും രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്ന പൊലീസ് സംഘം ബന്ധുക്കളെ പിന്തുടർന്ന് സഞ്ചരിച്ചതാണ് ഷഫീഖിനെ പിടികൂടുന്നതിന് നിർണായക വഴിത്തിരിവായത്. ജില്ല പൊലീസ് മേധാവി പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ ചാലക്കുടി സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, എ.എസ്.ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് ദീർഘനാളായി നടത്തിയ അന്വേഷണത്തിലൂടെ ഷഫീഖിെൻറ ഒളി സങ്കേതം കണ്ടെത്തി പിടികൂടിയത്.
ചാലക്കുടിയിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ നിലവിലെ കേസുകളുടെ ചെലവിനും മറ്റും പണം കണ്ടെത്താനാണ് കഞ്ചാവ് കടത്തിയത് എന്നതടക്കം നിർണായക വിവരങ്ങൾ ഷഫീഖ് പൊലീസിന് കൈമാറി. ഷഫീഖിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.