അനധികൃത നിർമാണം അനുവദിച്ചില്ല; നഗരസഭ അംഗം എൻജിനീയറെ പൂട്ടിയിട്ടു

ചാലക്കുടി: അനധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തട്ടിക്കയറിയ ചാലക്കുടി നഗരസഭ ഭരണപക്ഷ അംഗം മുനിസിപ്പൽ എൻജിനീയറെ മുറിയിൽ പൂട്ടിയിട്ടു. ഇതേ തുടർന്ന് നഗരസഭയിലെ എല്ലാ വിഭാഗം ജീവനക്കാരും മിന്നൽ പണിമുടക്ക് നടത്തി.

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നഗരസഭ ഓഫിസ് പ്രവർത്തനം സ്തംഭിച്ചതിനാൽ കാര്യങ്ങൾ നടത്താനെത്തിയ ജനം ബുദ്ധിമുട്ടിലായി. നഗരസഭ ചെയർമാൻ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ നഗരസഭ അംഗം തെറ്റ് സമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.

മൂന്നാം വാർഡ് അംഗം വൽസൻ ചമ്പക്കരയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇദ്ദേഹത്തിന്റെ വാർഡിൽ അനധികൃത കെട്ടിട നിർമാണത്തിന് നഗരസഭ എൻജിനീയർ സുഭാഷ് നാളുകളായി അനുമതി നൽകിയിരുന്നില്ല. കെട്ടിടം പണിയുന്ന സ്ഥലം പുറമ്പോക്കിലാണെന്ന് പരാതി ഉയർന്നതിനാൽ നിർമാണം നിർത്തിവെപ്പിക്കുകയായിരുന്നു.

പുറമ്പോക്കിലാണോയെന്ന് അളന്ന് തിട്ടപ്പെടുത്തണമെന്ന് നിർദേശം ഉയർന്നിരുന്നു. എന്നാൽ, സ്ഥലം അളക്കുന്നതും നിർമാണാനുമതി വൈകുന്നതും നഗരസഭ അംഗം ചോദ്യം ചെയ്തു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ബഹളത്തിൽ കലാശിച്ചത്. തുടർന്ന് അംഗം വൈകാരികമായി പ്രതികരിക്കുകയായിരുന്നു. എൻജിനീയറുടെ മുറിയുടെ വാതിൽ പുറമെ നിന്ന് അടച്ചു. ഇതോടെയാണ് നഗരസഭ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ച് പണിമുടക്കിയത്.

സമീപകാലത്ത് ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് എത്തിയ ആളാണ് വൽസൻ ചമ്പക്കര. നഗരസഭ അംഗത്തിന്റെ അതിവൈകാരിക പെരുമാറ്റം ഭരണപക്ഷത്തെ വെട്ടിലാക്കി. ഇതിനെ തുടർന്ന് ചർച്ച വിളിച്ചുകൂട്ടി നഗരസഭ ചെയർമാൻ പ്രശ്നം ഒത്തുതീർപ്പാക്കി. അംഗം മാപ്പു പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഇത്തരം മര്യാദയില്ലാത്ത നടപടി ആവർത്തിക്കില്ലെന്ന് ചെയർമാനും അറിയിച്ചു.

Tags:    
News Summary - Illegal construction was not allowed-the municipal councilor locked up the engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.