ചാലക്കുടി: ദേശീയപാതയിൽ സൗത്ത് ജങ്ഷനിലെ മേൽപാലത്തിൽനിന്ന് പൊട്ടിവീഴാറായ പൈപ്പുകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഏതാനും ദിവസം മുമ്പ് പൈപ്പ് അടർന്നുവീണിരുന്നു.
എന്നാൽ അതിരാവിലെയായതിനാൽ താഴെ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു. നിർമാണത്തിലെ അപാകത കൊണ്ടും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും കുറച്ചു വർഷങ്ങളായി മേൽപാലത്തിന്റെ വിവിധ ഭാഗങ്ങളിൽ അടർന്നുവീണു കൊണ്ടിരിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നമാണ്.
മഴക്കാലത്ത് മേൽപാലത്തിന് മുകളിലെ വെള്ളം താഴെ നടന്നു പോകുന്നവരുടെ മേൽ വീഴാതെ സുഗമമായി ഒഴുകിപ്പോകാനാണ് മേൽപാലത്തിന് ഇരുവശത്തും വലിയ പി.വി.സി പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ ഇവ സ്ഥാപിച്ചത് നേർത്ത ക്ലാമ്പുകളിൽ ഘടിപ്പിച്ചാണ്. കാലപ്പഴക്കം മൂലം ഇവ തുരുമ്പിക്കുന്നതോടെ പൈപ്പടക്കം താഴോട്ട് പറിഞ്ഞു വീഴുകയാണ്. മേൽപാലത്തിലെ മണ്ണ് ഒഴുകി വന്ന് പൈപ്പുകളിൽ തങ്ങിനിന്ന് കനം കൂടുന്നതും ഇവ വീഴാൻ മറ്റൊരു കാരമാണ്.
മേൽപാലത്തിൽ പലയിടത്തും വെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ സംവിധാനമില്ല. മഴ പെയ്യുമ്പോൾ മുകളിൽ നിന്ന് അഴുക്കുവെള്ളം താഴെ പോകുന്നവരുടെ തലയിലേക്ക് വീഴുന്ന സ്ഥിതിയാണ്. വല്ലപ്പോഴും ക്രെയിൻ കൊണ്ടുവന്ന് പാലത്തിനടിയിൽ ദേശീയ പാത അധികൃതർ പരിശോധന നടത്തുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണിയൊന്നും ചെയ്യാറില്ല.
പൈപ്പുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുകയും ജനങ്ങളുടെ തലയിൽ വീഴാതെ സംരക്ഷിക്കുകയും വേണം. മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് അടക്കം നിരവധി പേർ മേൽപാലത്തിനടിയിലൂടെയാണ് നടന്നു പോകുന്നത്. ഇരുവശത്തെയും സർവിസ് റോഡിലൂടെ ബസുകളും കാറുകളും ഓട്ടോയും ഇരുചക്രവാഹനങ്ങളും മറ്റും തുടർച്ചയായി സഞ്ചരിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.