ചാലക്കുടി: ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകം നിർമിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചതാരെന്ന വിഷയത്തിൽ വിവാദം കൊഴുക്കുന്നു. മുൻ എം.എൽ.എ ബി.ഡി. ദേവസിയെന്ന് ഇടതുപക്ഷം അവകാശവാദം ഉന്നയിക്കുന്നു. താനാണെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എയും ചാലക്കുടി നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിയും വാർത്തസമ്മേളനങ്ങൾ വിളിച്ചുകൂട്ടി അവകാശം ഉന്നയിക്കുന്നു.
സംസ്ഥാന സർക്കാറാണ് സ്മാരക നിർമാണം വൈകിപ്പിക്കുന്നതെന്ന് എം.എൽ.എയും നഗരസഭ ചെയർമാനും ആരോപിക്കുമ്പോൾ നഗരസഭ ഭരണസമിതിയാണ് അധികഭൂമി കൈമാറാതെ വൈകിപ്പിച്ചതെന്ന് എൽ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കലാഭവൻ മണി സ്മാരകം നിർമിക്കാൻ വൈകുന്നത് എം.എൽ.എയുടെയും നഗരസഭയുടെയും അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ കലാകാരന്മാർ നഗരസഭയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനുപിന്നാലെ സ്മാരകത്തിന് മൂന്നുകോടി രൂപ അനുവദിച്ചത് താനാണെന്ന് അവകാശപ്പെട്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എ വാർത്തസമ്മേളനം നടത്തിയിരുന്നു.
സ്മാരകത്തിന് മൂന്നുകോടി രൂപ 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയെന്നും 2021 മേയിൽ എം.എൽ.എയായ സനീഷ് കുമാർ ജോസഫ് ഇതിന്റെ പിതൃത്വം അവകാശപ്പെടുന്നത് അപഹാസ്യമാണെന്നും മുൻ എം.എൽ.എ ബി.ഡി. ദേവസിയും എൽ.ഡി.എഫ് നേതാക്കളും വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നഗരസഭയുടെ താൽപര്യക്കുറവ് മൂലം 19 മാസത്തോളം അധികഭൂമി നിർമാണത്തിന് അനുവദിച്ചുകൊടുക്കുന്നത് വൈകിപ്പിച്ചു. ബി.ഡി. ദേവസിയുടെ പരിശ്രമഫലമായി അനുവദിച്ച പല വികസനപദ്ധതികളും ഇപ്പോഴത്തെ എം.എൽ.എയുടെ അനാസ്ഥമൂലം എങ്ങുമെത്താതെ കിടക്കുകയാണെന്ന് ഇവർ ആരോപിച്ചു.
എം.എൽ.എക്ക് പുതുതായി ഒരുപദ്ധതിയും ചാലക്കുടിയിൽ കൊണ്ടുവരാനായില്ല. സ്വന്തം പരാജയം മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് എം.എൽ.എയുടെ വാർത്തസമ്മേളന നാടകങ്ങളെന്ന് ഇടതുനേതാക്കളായ ടി.പി. ജോണി, എം.എൻ. ശശിധരൻ, കെ.ഐ. അജിതൻ, കെ.എസ്. അശോകൻ എന്നിവർ ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ളതും ചാലക്കുടി നഗരസഭക്ക് വിട്ടുകിട്ടിയിട്ടുള്ളതുമായ ഭൂമിയിൽനിന്നും നേരേത്ത വിട്ടുനൽകിയ 20 സെന്റ് ഭൂമിക്ക് പുറമെ 15 സെന്റ് ഭൂമികൂടി വിട്ടുകൊടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ച് സർക്കാറിനെ അറിയിച്ചിരുന്നതായി ചെയർമാൻ എബി ജോർജ് വ്യക്തമാക്കി. നിർമാണം വൈകുന്നതിലെ ഉത്തരവാദിത്തം സർക്കാറിനാണ്.
കലാഭവൻ മണി റോഡിനെ സംബന്ധിച്ച് ചിലർ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നഗരസഭ കൗൺസിൽ പാലസ് റോഡിന് കലാഭവൻ മണിയുടെ നാമകരണം നടത്തുകയോ ബോർഡ് സ്ഥാപിക്കുകയോ ഇപ്പോൾ നീക്കം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഗവ. ആശുപത്രിയുടെ ഭാഗത്തുനിന്ന് കലാഭവൻ മണിയുടെ വീട്ടിലേക്കുള്ള റോഡിന് നഗരസഭ കൗൺസിൽ മണിയുടെ നാമകരണം നടത്തിയിട്ടുള്ളതാണ്.
കലാഭവൻ മണിയുടെ പേര് പറഞ്ഞ്, കലാകാരന്മാരെ തെറ്റിദ്ധരിപ്പിക്കാനും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കാനും ശ്രമിക്കുന്നവർ ഇതിൽനിന്ന് പിന്മാറണമെന്ന് ചെയർമാൻ എബി ജോർജ്, ഷിബു വാലപ്പൻ, ദിപു ദിനേശ്, സൂസമ്മ ആന്റണി, ജിജി ജോൺസൻ, സൂസി സുനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.