ചാലക്കുടി: നിർമാണനിരോധനം നേരിടുന്ന കോടശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഉരുൾപൊട്ടൽ സാധ്യത പഠന നടപടി പൂർത്തിയാക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരോട് ജില്ല ഭരണകൂടം ആവശ്യപ്പെടും. കോടശ്ശേരിയിലെ മണ്ണിടിച്ചൽ സാധ്യത മേഖലകളായി കണ്ടെത്തിയ മേച്ചിറ ഉൾെപ്പടെ പ്രദേശങ്ങളിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയും കലക്ടർ വി.ആർ. കൃഷ്ണതേജയും അടങ്ങുന്ന സംഘം ശനിയാഴ്ച സന്ദർശനം നടത്തി. 2018ൽ ഈ മേഖലയിൽ ഉരുൾപൊട്ടൽ സംഭവിക്കുകയും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മണ്ണിടിച്ചലിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ഈ പ്രദേശങ്ങളിൽ നിർമാണ നിരോധനം നിലവിൽവരുകയും ചെയ്തിരുന്നു. കെട്ടിടങ്ങളും വീടുകളും നിർമിക്കാൻ നിയന്ത്രണം വന്നതോടെ ജനങ്ങൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്.
ഈ റിപ്പോർട്ടിൽ മണ്ണിടിച്ചിൽ സാധ്യതയില്ലാത്ത പ്രദേശങ്ങളും വ്യാപകമായി ഉൾപ്പെട്ടതായ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയതായി സനീഷ് കുമാർ ജോസഫ് എൽ.എൽ.എ അറിയിച്ചു. നിർമാണ നിരോധനം ഉൾെപ്പടെ പ്രദേശത്തെ ജനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തി മേൽനടപടി പൂർത്തിയാക്കാൻ ജില്ല ഭരണകൂടം കെ.എസ്.ഡി.എം.എ മുഖേനയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരോട് ആവശ്യപ്പെടുക.
പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി. റെജിൻ, ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ ബിന്ദു മേനോൻ, ജില്ല ഭൂഗർഭജല ഓഫിസർ ഡോ. എൻ.ആർ. സന്തോഷ്, തഹസിൽദാർ ഇ.എൻ. രാജു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.