ചാലക്കുടി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചാലക്കുടിയിൽ തുടക്കമായി. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിവരം പുറത്തുവിട്ടതോടെ ചാലക്കുടിയിൽ പ്രഫ. സി. രവീന്ദ്രനാഥ് തന്നെയാണെന്ന് ഉറപ്പായി.
യു.ഡി.എഫ് സ്ഥാനാർഥി ഇപ്പോഴത്തെ എം.പിയായ ബെന്നി ബഹന്നാൻ തന്നെയാണെന്ന സൂചനയുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എൻ.ഡി.എയുടെ സ്ഥാനാർഥിയെ സംബന്ധിച്ച് യാതൊരു ധാരണയും അന്തരീക്ഷത്തിലില്ല. അതേ സമയം ട്വന്റി ട്വന്റി സംഘടന ചാർല പോളിനെ ചാലക്കുടിയിൽ സ്ഥാനാർഥിയായി നിയോഗിച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ കാലങ്ങളിലെ ട്രെൻഡ് വച്ച് നോക്കുമ്പോൾ പ്രധാന പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളതാവും. ഇത്തവണ ബെന്നി ബഹനാനാണ് ചാലക്കുടിയിൽ മത്സരിക്കുന്നതെങ്കിൽ മത്സരം ഇഞ്ചോടിഞ്ച് ആകാനാണ് സാധ്യത.ഇത്തവണ ചാലക്കുടിയിൽ ഇടതുപക്ഷം തന്നെയാണ് ആദ്യം കളത്തിലിറങ്ങിയിട്ടുള്ളത്.
ദിവസങ്ങൾക്ക് മുമ്പ് തന്നെ രവീന്ദ്രനാഥിന്റെ പോസ്റ്ററുകൾ എഫ്.ബിയിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇടതുപക്ഷ പ്രവർത്തകർ പോസ്റ്റ് ചെയ്ത് ചലനം സൃഷ്ടിച്ചിരുന്നു. അതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചയുടൻ തന്നെ രാത്രിയിൽ പ്രധാനപ്പെട്ട കവലകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, യു.ഡി.എഫ് നേരത്തെ തന്നെ ചില കേന്ദ്രങ്ങളിൽ സ്ഥാനാർഥിയുടെ പേരൊഴികെയുള്ള ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്.
തന്നെയുമല്ല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിൽ ബെന്നി ബഹനാന്റെ സാന്നിധ്യം ഈയിടെ കൂടുതൽ പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.