ചാലക്കുടി: കളിക്കളം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ യോഗത്തിൽ ജഴ്സിയണിഞ്ഞ് ഫുട്ബാളുമായി വന്ന് പ്രതിഷേധിച്ച മറഡോണ ആരാധകനായ അഡ്വ. ബിജു എസ്. ചിറയത്തിന് ദുഃഖ ദിനങ്ങളാണിപ്പോൾ. പ്രിയ താരത്തിെൻറ അപ്രതീക്ഷിതമായ വേർപാട് തെരഞ്ഞെടുപ്പ് പ്രചാരണചിന്തകൾക്കിടയിലും യു.ഡി.എഫ് സ്ഥാനാർഥിയായ ബിജുവിനെ അലട്ടുന്നു. വിദ്യാർഥിയായിരിക്കുന്ന കാലത്താണ് ഡീഗോ മറഡോണ ബിജുവിെൻറ മനസ്സിൽ ആരാധനയുടെ കളിക്കളം തീർത്തത്. 1986ലെ ലോകകപ്പ് മത്സരത്തിലാണ് ആ ഫുട്ബാൾ ദൈവം കായിക താരമായ ബിജുവിനെ വിസ്മയിപ്പിച്ചത്. മറ്റ് രാജ്യങ്ങളുടെ ടീമിൽ രണ്ടോ മൂന്നോ കളിക്കാരുടെ കൂട്ടായ്മയാണ് വിജയം കൊയ്യാറ്. എന്നാൽ ഒറ്റക്ക് അർജൻറീന എന്ന ടീമിനെ വിജയത്തിലെത്തിച്ച മറഡോണയുടെ വൈഭവം മനസ്സിൽ എന്നും പ്രചോദനമായിരുന്നു.
ചാലക്കുടി കർമൽ സ്കൂൾ ഗ്രൗണ്ടിൽ പന്ത് തട്ടിക്കളിച്ച് ബിജുവിലെ ഫുട്ബാളർ വളർന്നു. പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫുട്ബാൾ ടീമിൽ അംഗമായി ബിജു. തുടർന്ന് കോളജ് ഇലക്ഷനിൽ ജനറൽ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതൊരു തുടക്കമായിരുന്നു. ഫുട്ബാളുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ഫുട്ബാൾ മേളകളുടെ മികച്ച സംഘാടകനാണ്. ചാലക്കുടിയിലെ ഫുട്ബാൾ ക്ലബായ സോക്കർ ഫേയ്സിെൻറ സ്ഥാപക പ്രസിഡൻറാണ്. നിലവിൽ കേരള ഫുട്ബാൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് കൂടിയാണ്.
2005ലാണ് ചാലക്കുടി നഗരസഭ തെരഞ്ഞെടുപ്പിെൻറ കളിക്കളത്തിൽ അങ്കം കുറിച്ചത്. 2010ലും 2015ലും മത്സരിച്ചു. മൂന്ന് മത്സരത്തിലും ചുവപ്പുകാർഡ് കണ്ട് പുറത്താകേണ്ടി വന്നിട്ടില്ല. മൂന്ന് തവണയും വിജയിച്ചു. കാൽപ്പന്തുകളിയിലായാലും രാഷ്ട്രീയത്തിലായാലും ഒരിക്കലും ഫൗൾകളി ബിജുവിനറിയില്ല. ഇത്തവണ നാലാം റൗണ്ട് മത്സരമാണ്. കൂടപ്പുഴ ആറാട്ടുകടവ് വാർഡാണ് പുതിയ അങ്കത്തട്ട്. പ്രചാരണത്തിെൻറ പന്തുമായി മുന്നേറുമ്പോഴാണ് ചെറിയ പരിക്ക് പറ്റിയത്. കോവിഡ് പോസറ്റിവായതിനാൽ പ്രചാരണ രംഗത്തു നിന്ന് തൽക്കാലം വിട്ടു നിൽക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ നെഗറ്റിവായിട്ടുണ്ട്. നാലാം തവണയും തെരഞ്ഞെടുപ്പ് വിജയത്തിെൻറ ട്രോഫിയിൽ മുത്തമിടുമെന്ന പോസറ്റിവ് ചിന്തയിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.