ചാലക്കുടി: കോവിഡിന് മുന്നിൽ നാടാകെ ഭയന്നു നിൽക്കുമ്പോൾ മേലൂർ പഞ്ചായത്തിലെ പത്താം വാർഡിൽ കോവിഡ് പോരാട്ടത്തിന് 'ടു മെൻ ആർമിയായി അമ്മയും മകനും. കണ്ടെയ്ൻമെൻറ് സോണായ പഞ്ചായത്തിലെ രോഗികളെ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുവരാനും സഹായിക്കാൻ ഇവർ സദാ സന്നദ്ധരാണ്. ഒരു ഫോൺ കോൾ മതി വാർഡംഗമായ സതിയും മകനായ ആർമിക്കാരൻ അനിൽ ബാബുവും സേവന സന്നദ്ധരായി എത്തും.
സ്കൂട്ടറിൽ സതി ബാബു പി.പി.ഇ കിറ്റ് ധരിപ്പിച്ച മകനെയും പിന്നിലിരുത്തിയാണ് സഹായത്തിനെത്തുക. വാർഡിലെ ഒരു വീട്ടിൽ അംഗങ്ങൾക്ക് എല്ലാം രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അവിടെയുള്ള വയസ്സായ സ്ത്രീക്ക് ഓക്സിജൻ കുറവു കാണിച്ചിരുന്നു. ഉടൻ അവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകണം. മറ്റു കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ക്ഷീണിതർ. കോവിഡ് പോസിറ്റിവായ വല്യമ്മയെ താങ്ങി പിടിച്ച് ആംബുലൻസിലേക്ക് കയറ്റാൻ ഒരാളുടെ സഹായം കൂടിയേ തീരൂ.ഉടനെ ആ വീട്ടിലെ ഒരംഗം സതി മെമ്പറെ വിളിച്ച് കാര്യം പറയേണ്ട താമസം സ്വന്തം മകനോട് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു.
അനിൽ ബാബു പി.പി.ഇ കിറ്റ് അണിഞ്ഞ് പോകാൻ റെഡി. അങ്ങനെ മെമ്പറും മകനും രോഗിയുടെ വീട്ടിലേക്ക്. നിമിഷ നേരം കൊണ്ട് രോഗിയുടെ വീട്ടിലെത്തി വയോധികയെ കോരിയെടുത്ത് ആംബുലൻസിലേക്ക് കയറ്റി. പ്രവർത്തനങ്ങൾക്കു ശേഷം വീട്ടിലെത്തി പി.പി.ഇ കിറ്റെല്ലാം കത്തിച്ച് കുളിച്ച് ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോൾ അതാ വീണ്ടും വിളി.
'മോനേ ആ വല്യമ്മയെ ആശുപത്രിയിൽ നിന്നും തിരിച്ചു കൊണ്ടു വരുവാൻ ചിലപ്പോൾ ഒന്നുകൂടെ പോകേണ്ടി വരും. അനിലിന്റെ മറുപടി ഉടനെ വന്നു -ഞാൻ റെഡിയാണമ്മേ നമുക്ക് പോകാം. സമീപത്തെ യുവജന ക്ലബായ എം.സി. ബോയ്സിെൻറ സഹായത്തോടെ സതിയുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തിയിരുന്നു. കൊറോണയെന്ന മഹാ വ്യാധി മനുഷ്യ ജീവനുകളെ വിഴുങ്ങുമ്പോൾ നാടിെൻറ അതിജീവനത്തിന് മാതൃകയാവുകയാണ് ഈ അമ്മയുടെയും മകെൻറയും സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.