ചാലക്കുടി: അതിരപ്പിള്ളി-വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് തുക അനുവദിക്കണമെന്ന് ആവശ്യം. ഈ ആവശ്യവുമായി ബെന്നി ബഹനാൻ എം.പിയും സനീഷ്കുമാർ ജോസഫ് എം.എൽ.എയും ചേർന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡിക്ക് നിവേദനം നൽകി. ഇതോടൊപ്പം അതിരപ്പിള്ളി-വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തോടെ നവീകരിക്കുന്നതിനുള്ള നിർദേശങ്ങളടങ്ങിയ പ്രോജക്ട് റിപ്പോർട്ടും കേന്ദ്രമന്ത്രിക്ക് കൈമാറി.
വിനോദസഞ്ചാര കേന്ദ്രത്തിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് ദോഷകരമാകാത്ത വിധത്തിലുള്ള വികസനപരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് എം.എൽ.എ അറിയിച്ചു.
അടിസ്ഥാന സൗകര്യവികസനങ്ങൾ ഉറപ്പ് വരുത്തുന്നതോടൊപ്പം സഞ്ചാരികൾക്ക് പാരിസ്ഥിതിക വിദ്യാഭ്യാസം നൽകാനുള്ള പരിപാടികളും പാക്കേജുകളും ഒരുക്കുക, നടപ്പാത നിർമാണം, അനുയോജ്യമായ ഇടങ്ങൾ കണ്ടെത്തി സഞ്ചാരികൾക്ക് ക്യാമ്പിങ് സൗകര്യങ്ങൾ തയാറാക്കുക, പ്രായമേറിയവർക്കും ഭിന്നശേഷിക്കാർക്കും വെള്ളച്ചാട്ടം വരെ എത്തിച്ചേരാവുന്ന തരത്തിലുള്ള വാഹനങ്ങളും സൗകര്യങ്ങളും ഒരുക്കുക തുടങ്ങിയവയാണ് മന്ത്രിക്ക് കൈമാറിയ പ്രോജക്ട് റിപ്പോർട്ടിലെ മറ്റ് പ്രധാന നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.