ചാലക്കുടി: കലാഭവൻ മണിയുടെ സ്മാരകം സൗകര്യങ്ങളോടെ ശ്രദ്ധേയമായ രീതിയിൽ നിർമിക്കാൻ കൂടുതൽ സ്ഥലം വേണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചാലക്കുടി െറസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. എന്നാൽ നഗരസഭ ഈ ആവശ്യത്തോട് പൂർണമായും യോജിച്ചില്ല. സബ് ട്രഷറിക്ക് എതിർവശം പഴയ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാഭ്യാസ വകുപ്പിെൻറ സ്ഥലത്ത് 24 സെേൻറാളമാണ് ഇപ്പോൾ സ്മാരക നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. ഓഡിറ്റോറിയവും മറ്റും നിർമിക്കുമ്പോൾ കാർ പാർക്കിങ്ങും മറ്റും ബുദ്ധിമുട്ടാകും. അതിനാൽ അതിനോട് ചേർന്നു കിടക്കുന്ന 15 സെൻറ് സ്ഥലം കൂടി നഗരസഭ നൽകണമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഇക്കാര്യം ആലോചിച്ച് പറയാമെന്ന നിലപാടിലായിരുന്നു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ബി.ഡി. ദേവസി എം.എൽ.എയുടെ ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പ് 24 സെൻറ് സ്ഥലം അനുവദിക്കുകയും മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു. മൂന്ന് നിലകളിലാണ് സ്മാരക കെട്ടിടം നിർമിക്കുന്നത്.നാടൻപാട്ട്, മിമിക്രി, ചലച്ചിത്രം തുടങ്ങിയ മേഖലകളിൽ കലാഭവൻ മണി നൽകിയ സംഭാവനകളെ ഓർക്കുന്നതിനും വരും തലമുറയ്ക്ക് അവ പരിചയപ്പെടുത്തുന്നതിനും കഴിയുന്ന തരത്തിലായിരിക്കും സ്മാരകം നിർമിക്കുക. കേരള ഫോക് ലോർ അക്കാദമിയുടെ ഉപകേന്ദ്രം കൂടി പ്രസ്തുത സ്മാരകത്തിൽ പ്രവർത്തിക്കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. 50 സെൻറ് സ്ഥലമെങ്കിലും ഇല്ലാതെ ഇതെല്ലാം നിർമിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
യോഗത്തിൽ ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ബി.ഡി. ദേവസി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ്, ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, ആർ.എൽ.വി. രാമകൃഷ്ണൻ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, നഗരസഭ അംഗം ബിജു എസ്. ചിറയത്ത്, ടി.പി. ജോണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രാവിലെ കലാഭവൻ മണിയുടെ വീട്ടിലെ സ്മൃതി മണ്ഡപം സന്ദർശിച്ച് മന്ത്രി പുഷ്പാർച്ചന നടത്തിയിരുന്നു. തുടർന്ന് കലാഭവൻ മണിയുടെ സ്മാരകം നിർമിക്കുന്ന സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.