ചാലക്കുടി: ആനമല ജങ്ഷനിലെ ബീവറേജസ് ഔട്ട്ലെറ്റിന് വേണ്ടി പുതിയ സ്ഥലം അന്വേഷണം ഊർജിതം. ജനുവരി 23 വരെ മാത്രമേ ഹൈകോടതി വിധി പ്രകാരം ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തിക്കാനാവൂ. 23ന് പുതിയ സ്ഥലം കണ്ടെത്തണമെന്നാണ് നിർദേശം. അതിനായുള്ള ചില രഹസ്യ നീക്കങ്ങളാണ് ബിവറേജസ് അധികൃതർ തിരക്കിട്ട് നടത്തുന്നത്.
പരാതിയെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം അവസാനിപ്പിക്കാൻ ബിവറേജസ് അധികൃതർക്കും ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. എന്നാൽ പുതിയ സ്ഥലം കിട്ടാത്തതിനെ തുടർന്ന് ഒരു മാസം കൂടി ഇപ്പോഴത്തെ സ്ഥലത്ത് താൽക്കാലികമായി അനുവദിക്കുകയായിരുന്നു.
ഇത്തവണയും ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോർഡ് വിൽപന നടത്തിയത് ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റായിരുന്നു. ചാലക്കുടി മെയിൻ റോഡിൽ ആനമല ജങ്ഷനിൽ ബിവറേജസ് സൃഷ്ടിക്കുന്ന ഗുരുതരമായ ഗതാഗതക്കുരുക്കാണ് ആക്ഷേപത്തിനിടയാക്കുന്ന മറ്റൊരു കാരണം. മദ്യം വാങ്ങാനെത്തുന്നവും വാഹനങ്ങളും മൂലമാണ് രൂക്ഷം തടസമുണ്ട്. അതിനാൽ എത്രയും വേഗം ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
ഇപ്പോഴത്തെ സ്ഥലത്ത് ബിവറേജസ് ഔട്ട് ലെറ്റ് വന്നിട്ട് ഏതാനും വർഷങ്ങളേയാകുന്നുള്ളു. നേരത്തെയുണ്ടായിരുന്ന സ്ഥലങ്ങളിൽ പ്രദേശവാസികളുടെ എതിർപ്പ് മൂലം സ്ഥാപനം മാറ്റേണ്ടി വരികയായിരുന്നു. മാർക്കറ്റിന് സമീപം പഴയ കള്ളുഷാപ്പ് റോഡിലോ കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡിലോ പുതുതായി സ്ഥലം തേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വിവരം മണത്തറിഞ്ഞ അതത് പ്രദേശവാസികൾ ഉടൻ തന്നെ മദ്യവിൽപ്പന ശാലക്കെതിരെ പ്രതിഷേധ സമരം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ അധികൃതരുടെ തുടർ നടപടികൾ ആശയക്കുഴപ്പത്തിലാണ്.
മദ്യവിൽപന ചാലക്കുടിയിൽ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നതാണ് ഇവിടെ അനിയന്ത്രിതമായ തിരക്ക് സൃഷ്ടിക്കുന്നത്. അതിനാൽ രണ്ടിടങ്ങളിലായി വിൽപന കേന്ദ്രങ്ങൾ തുറക്കണമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാലിതിന് ബിവറേജസ് അധികൃതർ താൽപര്യമെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.