ചാലക്കുടി: ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നേരിടാൻ കാലതാമസം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കാട്ടുപന്നികളെ വെടിവെക്കാനുള്ള ഉത്തരവ് നൽകാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് മജിസ്ട്രേറ്റിന്റെ അധികാരം നൽകുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചാലക്കുടിയിൽ വനം വകുപ്പ് ക്വാർട്ടേഴ്സ് കോംപ്ലക്സിന്റെയും തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ വിദ്യാവനങ്ങളുടെയും ഫോറസ്ട്രി ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ 2000ത്തിൽപരം കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാട്ടുപന്നികളെ കൊന്നാൽ അവയെ കൊന്നുതിന്നുന്ന കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണം ഇല്ലാതാവുമെന്നു പറഞ്ഞ് കേന്ദ്ര സർക്കാർ ഇതിനെ എതിർക്കുന്നു. കഴിഞ്ഞ വർഷം വന്യമൃഗശല്യത്തിന് നഷ്ടപരിഹാരമായി 75 ലക്ഷം രൂപ നീക്കിവെച്ച സ്ഥാനത്ത് ഇപ്പോൾ 10 കോടിയായി ഉയർത്തിയിട്ടുണ്ട്. വന്യമൃഗങ്ങളെ തുരത്താൻ ആർ.ആർ.ടികൾക്ക് 50 വാഹനം പുതുതായി ഒരുക്കും. സർക്കാറിന് സാമ്പത്തിക ഞെരുക്കമുണ്ട്. പലയിടത്തെയും എം.എൽ.എമാർ വാഹനം നൽകാമെന്ന് ഏറ്റിട്ടുണ്ട്. ചാലക്കുടി എം.എൽ.എയും വാഹനം നൽകാൻ തയാറാകണമെന്ന് മന്ത്രി നിർദേശിച്ചു.
സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃശൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജ് പി. മാത്തച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മംജുദാർ, നഗരസഭ അംഗം കെ.വി. പോൾ, വി.ഐ. പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.