ചാലക്കുടി: കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് ദേശീയപാതയോരത്ത് നിർത്തിയിരുന്ന ടോറസ് ലോറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ലോറി ഡ്രൈവർ അങ്കമാലി കുന്നുകര മറയിൽ വീട്ടിൽ സുജിത്ത്കുമാർ (28), ലോറി ഉടമ മണലിൽ വീട്ടിൽ ബിനിൽ വിശ്വൻ (31) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ ആലത്തൂരിൽനിന്ന് അനധികൃതമായി കരിങ്കല്ല് കയറ്റിക്കൊണ്ടു വന്ന കെ.എൽ 42 എസ് 6816 നമ്പർ ടോറസ് അടക്കം അഞ്ച് ലോറികൾ കൊരട്ടി ജങ്ഷനിൽ പൊലീസ് പിടികൂടി.
പൊലീസ് സ്റ്റേഷൻ വളപ്പിൽ സ്ഥലം ഇല്ലാത്തതിനാൽ ദേശീയപാതയോരത്താണ് വാഹനങ്ങൾ നിർത്തിയിട്ടത്. താക്കോൽ പൊലീസ് സൂക്ഷിക്കുകയും പിഴ അടച്ചാൽ വാഹനങ്ങൾ വിട്ടുകൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടക്ക് ലോറി ഉടമ ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി ഡ്രൈവറെ കൂട്ടി വന്ന് ലോറിയുമായി കടന്നു കളയുകയുമായിരുന്നു.ഡ്രൈവർക്കും ഉടമക്കുമെതിരെ പൊലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്തു.
പ്രതികളെ അങ്കമാലി കുന്നുകരയിൽനിന്നാണ് കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്. ടോറസ് ലോറി കിഴക്കമ്പലത്തുള്ള കരിങ്കൽ ക്വാറിയിൽ ഒളിപ്പിച്ചിരുന്നിടത്തുനിന്ന് കണ്ടെത്തി. കൊരട്ടി എസ്.ഐമാരായ എസ്.കെ. പ്രിയൻ, സി.കെ. സുരേഷ്, ചാലക്കുടി ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.