ചാലക്കുടി: നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിയ ധനകാര്യ സ്ഥാപനമായ ഫിനോമിനല്‍ ഗ്രൂപ്പിെൻറ ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ് അറസ്റ്റിലായത് തട്ടിപ്പിനിരയായ ആയിരക്കണക്കിനാളുകളുടെ പ്രതിഷേധം ആറിത്തണുത്തപ്പോൾ. കമ്പനിയുടെ തകർച്ചയെ തുടർന്ന് നിക്ഷേപകരും അവരെ ചേർത്ത ഏജൻറുമാരും ഏറെക്കാലം ദുരിതത്തിലായിരുന്നു. നിക്ഷേപകരിൽ പലരും ഇതിനിടയിൽ പണം തിരിച്ചു കിട്ടാതെ മരിച്ചു. കേസിൽ ആദ്യ കാലത്ത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഡയറക്ടർമാരിലൊരാളായ ചാലക്കുടി സ്വദേശിയായ സി.ടി. തോമസ് ഒരു മാസം മുമ്പ് കോയമ്പത്തൂരിൽ കോവിഡ് ബാധിച്ചു മരിച്ചു.
സംസ്ഥാനത്ത് കമ്പനിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊരട്ടി സ്വദേശിയായ റാഫേലടക്കം ഡയറക്ടർമാരിൽ പലരും ഇപ്പോഴും ഒളിവിലാണ്. നിക്ഷേപിച്ച പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ പലർക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.ആറ് വർഷം മുമ്പാണ് കമ്പനിയുടെ സൂത്രധാരന്മാർ പണം തട്ടിയെടുത്ത്, കോർപറേറ്റ് ഓഫിസായി പ്രവർത്തിച്ച ബഹുനില കെട്ടിടമടക്കം കമ്പനിയുടെ സ്വത്തുവകകൾ രഹസ്യമായി വിറ്റഴിച്ച് മുങ്ങിയത്. നിസ്സഹായരായ നിക്ഷേപകരും അവരെ ചേർത്ത ഏജൻറുമാരും ചാലക്കുടി മേഖലയിൽ ആക്ഷൻ കൗൺസിലുകളും പ്രതിഷേധങ്ങളും നടത്തി വന്നെങ്കിലും അതെല്ലാം ഇതിനകം നിലച്ചു കഴിഞ്ഞു.20 വർഷം മുമ്പാണ് ചാലക്കുടിയിൽ കമ്പനി വലിയ തോതിൽ പ്രവർത്തനം തുടങ്ങി ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റിയത്.
പതിനായിരം രൂപയിൽ തുടങ്ങി ലക്ഷങ്ങള്‍ വരെയാണ് ആയിരക്കണക്കിന് പേർ കമ്പനിയിൽ മുടക്കിയത്. ചാലക്കുടിയിൽ ശ്രീകുമാർ ബിൽഡിങ്ങിലെ വാടക മുറികളിലാണ് പ്രവർത്തിച്ചു വന്നത്. കൂടാതെ സ്വന്തമായ ഒരു ബഹുനില കെട്ടിടവും ദേശീയ പാതയോരത്ത് സൗത്ത് ജങ്ഷനിൽ ഉണ്ടായിരുന്നു. ചെയർമാൻ പണം വലിച്ചതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. തുടര്‍ന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ പലതും അടച്ചെങ്കിലും ചാലക്കുടിയിലെ ഓഫിസ് കെട്ടിടം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. കാലാവധിയെത്തിയ പോളിസികൾക്ക് പണം കിട്ടാതായപ്പോഴാണ് പ്രശ്നം ആരംഭിച്ചത്. ആദ്യം ആരും പരാതി നൽകിയില്ല. ഇതിനിടയില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ നോക്കുന്ന ചാലക്കുടിയിലെ മാനേജര്‍ റാഫേൽ സ്ഥലം വിട്ടു. പരാതികളുടെ ബാഹുല്യം നിമിത്തം ചാലക്കുടി പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കാൻ സ്ഥലം പോലും ഉണ്ടായില്ല. തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് പ്രതികളിൽ പലരും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.