ചാലക്കുടി: മേലൂരിലെ പഞ്ചായത്ത് കളിസ്ഥലം വീതി കൂട്ടി അടിസ്ഥാന സൗകര്യത്തോടെ നവീകരിക്കണമെന്ന ആവശ്യം. പുഷ്പഗിരിയിൽ എട്ടാം വാർഡിൽ പഞ്ചായത്ത് മൈതാനം നവീകരിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതർ. 2023-24 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ 35-ാം നമ്പർ പദ്ധതിയായി പഞ്ചായത്ത് കളിസ്ഥലം നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജില്ല പഞ്ചായത്ത് 21 ലക്ഷവും മേലൂർ പഞ്ചായത്ത് അഞ്ച് ലക്ഷവും വകയിരുത്തിയിരുന്നു. പക്ഷേ, ടെൻഡർ നടപടികൾ ആയിട്ടില്ല. ഇതിൽ ജനങ്ങൾക്കും കായിക താരങ്ങൾക്കും പരാതിയുണ്ട്.
പുഷ്പഗിരിയിലെ പഞ്ചായത്ത് ഗ്രൗണ്ടിന് ആവശ്യത്തിന് വീതിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സമീപത്തെ സ്ഥല ഉടമകളിൽ നിന്ന് ഭൂമി വാങ്ങി വീതി വർധിപ്പിക്കാതെ നിലവിലുള്ള ഗ്രൗണ്ടിൽ എന്തു നവീകരണ പ്രവർത്തനങ്ങളും നടത്തിയാലും കായിക താരങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത അവസ്ഥയായിരിക്കും. അതിനാൽ ആദ്യം ഗ്രൗണ്ടിന്റെ വീതി കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചശേഷം മതി നവീകരണ പ്രവർത്തനങ്ങളെന്നാണ് കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും അഭിപ്രായം.
മേലൂരിൽ ചെറുതും വലുതുമായ കായിക താരങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ സ്വന്തമായി സർക്കാർ സ്കൂൾ പോലും ഇല്ലാത്തതിനാൽ കായികപരിശീലനത്തിന് കളിസ്ഥലം ലഭിക്കാത്ത അവസ്ഥയാണ്.
സ്വകാര്യ മേഖലയിൽ ഇവിടെ എട്ട് പ്രൈമറി സ്കൂളുകളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കൻഡറി സ്കൂളും ഉണ്ടെങ്കിലും പഞ്ചായത്തിൽ കായിക താരങ്ങൾക്ക് സ്വന്തമായി അടിസ്ഥാന സ്വകര്യങ്ങളോടുകൂടിയ ഒരു മൈതാനം ഇല്ലാത്ത അവസ്ഥ തുടരുകയാണ്.
ഒടുവിൽ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് മേലൂർ പഞ്ചായത്ത് നിവാസികളായ കായിക താരങ്ങളും കായിക പ്രേമികളും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ മൈതാനം നിർമിച്ചുനൽകാൻ നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.